ന്യൂഡൽഹി: ഹിമാചൽപ്രദേശിലെ മാണ്ഡി മണ്ഡലത്തിലേക്ക് നടക്കാനിരിക്കുന്ന ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ ബോളിവുഡ് നടി കങ്കണ റണൗട്ട്(Kangana Ranaut) സ്ഥാനാർഥി ആയേക്കുമെന്ന പ്രചാരണം നിഷേധിച്ച് ബിജെപി(BJP). മാണ്ഡിയിലേക്ക് നടിയെ പരിഗണിക്കുന്നെന്ന് നേരത്തേ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, നടിയുടെ സ്ഥാനാർഥിത്വം പരിഗണിക്കുന്നില്ലെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂറാണ് വ്യക്തമാക്കിയത്. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി തീരുമാനം അറിയിച്ചത്.
ധർമശാലയിൽ വച്ച് നടന്ന സ്റ്റേറ്റ് ഇലക്ഷൻ കമ്മിറ്റി യോഗത്തില്‍ ഒരിടത്ത് പോലും കങ്കണയുടെ പേര് വന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മാണ്ഡി പാര്‍ലമെൻറ് മണ്ഡലത്തിലേക്കുള്ള ടിക്കറ്റ് ഒരു പാർട്ടി പ്രവർത്തകർക്കാണ് ലഭിക്കുക താരത്തിനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കങ്കണയുടെ നാട് കൂടിയാണ് മാണ്ഡി. ഇവിടെ താരത്തെ മൽസരിപ്പിക്കാൻ ആലോചനയുള്ളതായി മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നു. കങ്കണ സ്ഥാനാർഥിയാവുന്നതിനോട് പാർട്ടിയിലെ ഒരു വിഭാഗത്തിന് എതിർപ്പുണ്ടെന്നും സൂചനയുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം നിഷേധിക്കുകയാണ് നേതൃത്വം. രാംസ്വരൂപ് ശർമ്മയുടെ മരണത്തെ തുടർന്നാണ് മാണ്ഡിയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇതുകൂടാതെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇതിനോടൊപ്പം നടക്കും.
മാണ്ഡി ജില്ലയിലെ ബാംഭല ഗ്രാമത്തിലാണ് കങ്കണ ജനിച്ചത്. ഇത് കൂടാതെ മണാലിയിൽ അവർ പുതിയ വീട് വാങ്ങുകയും ചെയ്തിട്ടുണ്ട്. മണാലിയും മാണ്ഡി ലോക്സഭ മണ്ഡലത്തിന്‍റെ ഭാഗമാണ്. സ്ഥാനാർഥിയാകാനുള്ള താൽപര്യം കങ്കണ പരസ്യമായി പ്രകടിപ്പിച്ചിട്ടില്ല. താന്‍ ബി.ജെ.പി അനുഭാവിയാണെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നാണ് കങ്കണ പറഞ്ഞിരുന്നത്. സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താല്‍പര്യമെന്നും അവര്‍ പറയുന്നു.
















