സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതൽ മഴയെത്തിയേക്കും. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ നാല് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ഇതിന്‍റെ സ്വാധീന ഫലമായി വടക്കൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇന്ന് മുതൽ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്.
അതേസമയം, മഴ ലഭിക്കുന്നതോടെ വൈദ്യുതി ഉപയോഗത്തിലും കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ഇന്നലെ രാത്രിയും ഒന്നിലേറെ തവണ വൈദ്യുതി മുടങ്ങി. പലയിടത്തും വൈദ്യുതി വിച്ഛേദിച്ചത് മുന്നറിയിപ്പില്ലാതെയാണ്. ഇന്ന് മഴ ലഭിച്ചാൽ ഉപഭോഗം കുറയുമെന്ന പ്രതീക്ഷയിൽ ആണ് കെഎസ്ഇബി. ഏകദേശം 800 മെഗാ വാട്ടിന്റെ ലഭ്യത കുറവാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.

















