പാരീസ്: 1950 മുതൽ 216000 കുട്ടികളെയാണ് ഫ്രാന്‍സിൽ കത്തോലിക്കാ പുരോഹിതർ (Catholic clergy) പീഡിപ്പിച്ചതെന്ന് അന്വേഷണ റിപ്പോർട്ട്. സഭയിലെ താഴ്ന്ന തട്ടിലുള്ളവർ പീഡിപ്പിച്ചതിന്റെ കണക്കുകൾ കൂടി ഉൾപ്പെടുത്തിയാൽ ഇത് 330000 കടക്കുമെന്നാണ് ഒരു സ്വതന്ത്ര അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തൽ. കണക്കുകൾ വളരെ വലുതായിരുന്നുവെന്ന് അന്വേഷണ സംഘം തലവൻ ജീൻ മാർക്ക് സോവ് പറഞ്ഞു.
പുറത്തുവന്ന കണക്കുകൾ നാണം കെടുത്തുന്നതും ഭീതിതവുമാണെന്നും മാപ്പ് നൽകണമെന്നുമായിരുന്നു ഫ്രഞ്ച് സഭയുടെ പ്രതികരണം. ഫ്രാൻസിന്റെ ചരിത്രത്തിലെ വഴിത്തിരിവാകും ഈ റിപ്പോർട്ടെന്ന് പീഡിപ്പിക്കപ്പെട്ടവരിലൊരാൾ പ്രതികരിച്ചു. തങ്ങളുടെ നടപടികളെ പുനർവിചിന്തനം ചെയ്യാനുള്ള സമയമാണ് കത്തോലിക്കാ സഭയ്ക്ക് ലഭിച്ചിരിക്കുന്നതെന്നും കൂട്ടിച്ചേർത്തു. റോമൻ കത്തോലിക്കാ സഭയെ പിടിച്ചുകുലുക്കിയ ഏറ്റവും ഒടുവിലായി ഉയർന്ന ലൈംഗികാതിക്രമത്തെ റിപ്പോർട്ട് അടിവരയിടുന്നു.
2018 ൽ ഫ്രഞ്ച് കത്തോലിക്കാ സഭയാണ് അന്വേഷണത്തിന് കമ്മീഷനെ നിയോഗിച്ചത്. ആക്രമിക്കപ്പെട്ടവർ, അഭിഭാഷകർ, പുരോഹിതർ, പോലീസ്, സഭയിലെ രേഖകൾ എന്നിവയിലൂടെയെല്ലാം കടന്നുപോയി രണ്ടര വർഷം എടുത്താണ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്.
ആകെയുള്ള 115000 പേരിൽ 29000 മുതൽ 32000 ഓളം പീഡകരുടെ തെളിവുകൾ കമ്മീഷന് ലഭിച്ചു. ഇത് ഒരു പക്ഷേ വളരെ കുറവായിരിക്കുമെന്നും കമ്മീഷൻ പറയുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളാണ് ആക്രമണത്തിന് ഇരയായവരിൽ ഭൂരിപക്ഷവുമെന്ന് 2500 പേജുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
60 ശതമാനത്തോളം പേരാണ് ആക്രമണത്തിന് ശേഷമുള്ള അവരുടെ മാനസ്സിക ലൈംഗിക ജീവിതത്തെ ആ സംഭവങ്ങൾ പ്രയാസകരമാക്കിയെന്ന് വെളിപ്പെടുത്തിയത്. സഭയുടെ സംസ്കാരത്തിലും പ്രവർത്തനങ്ങളിലും മാറ്റം വരുത്തണം. അതിക്രമങ്ങൾ തുറന്ന് പറഞ്ഞാൽ അത് മൂടി വയ്ക്കുന്നതിൽ മാറ്റം വരണമെന്ന് അന്വേഷണ റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു.