തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വാക്സീനേഷൻ്റെ ആദ്യഘട്ടം ഈ മാസം പൂർത്തിയാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽ അറിയിച്ചു. ഇന്നലെ വരെ 92.8 ശതമാനം പേർക്ക് ആദ്യഡോസ് വാക്സീനും 42.2 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സീനും നൽകി കഴിഞ്ഞു. ജനുവരിയോടെ രണ്ടാം ഡോസ് വാക്സീനേഷനും പൂർത്തിയാക്കും.
വാക്സീൻ സ്വീകരിച്ച അപൂർവ്വം ചിലരിൽ മാത്രം പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഇക്കാര്യം കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും കേന്ദ്രം ഇതേക്കുറിച്ച് പഠിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.