ഇന്ത്യയില്‍ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനം തുടങ്ങാനുള്ള അനുമതിക്കായി ഇലോണ്‍ മസ്കിന്റെ സ്പേസ്എക്സ് ഉടന്‍ കേന്ദ്ര സർക്കാരിനെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. 2022 ഡിസംബറിനു മുൻപ് രാജ്യത്ത് രണ്ടു ലക്ഷത്തോളം സജീവ ടെര്‍മിനലുകള്‍ സ്ഥാപിക്കാനാണ് ഉദ്ദേശമെന്ന് സ്റ്റാര്‍ലിങ്ക് ഇന്ത്യയുടെ മേധാവി സഞ്ജയ് ഭാര്‍ഗവ പറഞ്ഞു.
അതേസമയം, സർക്കാരിന്റെ അനുമതി നേടുക എന്നത് സങ്കീര്‍ണമായ ഒരു പ്രക്രിയയാണെന്നും പ്രാരംഭ പദ്ധതിക്ക് അതിവേഗം അനുമതി നേടാനുള്ള ശ്രമത്തിലാണ് കമ്പനിയെന്നും അദ്ദേഹം ലിങ്ക്ട്ഇന്‍ പേജിലൂടെ വെളിപ്പെടുത്തി. സ്റ്റാര്‍ലിങ്ക് സേവനം ഇന്ത്യയൊട്ടാകെ ലഭ്യമാക്കാനാണ് കമ്പനിയുടെ ലക്ഷ്യം.
സ്റ്റാര്‍ലിങ്ക് ഇന്ത്യയുടെ ഡയറക്ടറായി ഒക്ടോബര്‍ 1നാണ് സഞ്ജയ് ചുമതലയേറ്റത്. ഏറെ കാലം മസ്കുമൊത്ത് ജോലിയെടുത്ത പരിചയം അദ്ദേഹത്തിനുണ്ട്. മസ്കിന്റെ ആദ്യ സംരംഭങ്ങളില്‍ ഒന്നായ പേപാല്‍ എന്ന ഇലക്ട്രോണിക് പണമടയ്ക്കല്‍ സംവിധാനത്തിന് തുടക്കമിട്ട ടീമിലെ അംഗമാണ് സഞ്ജയ്.
ഇതിനാല്‍ അദ്ദേഹത്തിന് സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യയിലെ ചുമതല നല്‍കിയേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അഖിലേന്ത്യാ തലത്തില്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റിനായുള്ള പ്രാരംഭ പദ്ധതിക്ക് സർക്കാരിന്റെ അംഗീകാരം നേടിയെടുക്കാമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് തങ്ങളെന്ന് മസ്കിന്റെ വിശ്വസ്തനായ സഞ്ജയ് പറയുന്നു.
ഇന്ത്യയിലേക്ക് കടന്നുവരാന്‍ ഒരുങ്ങുന്ന സ്റ്റാര്‍ലിങ്കിന് കടുത്ത വെല്ലുവിളി ആയിരിക്കും നേരിടേണ്ടി വരിക. എയര്‍ടെല്ലിന്റെ ആഗോള സംരംഭമായ ഭാരതി ഏറ്റെടുത്ത വണ്‍വെബ് ഇന്ത്യയില്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് രംഗത്ത് വെന്നിക്കൊടി പാറിക്കാന്‍ ആഗ്രഹിക്കുന്ന കമ്പനികളിൽ ഒന്നാണ്. മറ്റൊരു കമ്പനി ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ സാറ്റ്കോം ആണ്. ഈ മേഖലയില്‍ കൈവയ്ക്കാന്‍ ആഗ്രഹിക്കുന്ന മറ്റൊരു കമ്പനി ടാറ്റാ-ടെലിസാറ്റ് (Tata-Telesat) ആണ്. മറ്റു ചില കമ്പനികളും ഈ മേഖലയിലേക്ക് വരാൻ പദ്ധതിയിടുന്നുണ്ട്.
സ്റ്റാര്‍ലിങ്കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റിന്റെ ബീറ്റാ വേര്‍ഷന്‍ ഉപയോഗിക്കാന്‍ താത്പര്യമുള്ളവരില്‍ നിന്ന് കമ്പനി പ്രീ ഓര്‍ഡര്‍ സ്വീകരിച്ചു തുടങ്ങി. ഇതിനായി അടയ്ക്കേണ്ടത് 99 ഡോളര്‍ (ഏകദേശം 7350 രൂപ) ആണ്. ഇത് പിന്നീട് തിരിച്ചു നല്‍കും. കമ്പനിയുടെ വെബ്സൈറ്റില്‍ പറയുന്നതും ഇന്ത്യയിലെ സേവനം 2022ല്‍ തുടങ്ങുമെന്നാണ്.
എന്നാല്‍, അധികാരികളുടെ അംഗീകാരം ലഭിക്കുന്ന പ്രകാരം മാത്രമായിരിക്കും സേവനം നല്കി തുടങ്ങുക. അംഗീകാരം ലഭിച്ചാല്‍ ആദ്യം ബുക്കു ചെയ്തവര്‍ക്ക് ഇന്റര്‍നെറ്റ് നല്കി തുടങ്ങാനാണ് കമ്പനിയുടെ ഉദ്ദേശം. അതേസമയം, ഇതിന് നഗരപ്രദേശങ്ങളില്‍ സർക്കാർ അംഗീകാരം നല്‍കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും സംശയമുണ്ട്.
തങ്ങളുടെ സേവനങ്ങള്‍ക്കായി ഇപ്പോള്‍ത്തന്നെ ഇന്ത്യയില്‍ നിന്ന് 5000ലേറെ പേര് ബുക്കു ചെയ്തുവെന്ന് സഞ്ജയ് വെളിപ്പെടുത്തി. താത്പര്യമുള്ളവര്‍ 99 ഡോളര്‍ നിക്ഷേപിച്ച് മുന്‍ഗണനാ ലിസ്റ്റില്‍ ഇടംപിടിക്കാന്‍ അദ്ദേഹം ഇന്ത്യക്കാരോട് ആഹ്വാനം ചെയ്യുകയും ചെയ്തു. ഇതുവഴി കാത്തിരിപ്പ് ഒഴിവാക്കാനാകുമെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. സ്റ്റാര്‍ലിങ്ക് ഇപ്പോള്‍ത്തന്നെ പല രാജ്യങ്ങളിലും ഉണ്ട്. കൂടുതല്‍ പേര് പ്രീ-ഓര്‍ഡര്‍ നടത്തിയാല്‍ അംഗീകാരത്തിനായി സർക്കാരിനെ സമീപിക്കുന്ന സന്ദര്‍ഭത്തില്‍ അത് കമ്പനിക്ക് ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, അദ്ദേഹത്തിന്റെ വാക്കുകള്‍ പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുകയാണ്. ടെലികോം വാച്ഡോഗ് എന്ന കണ്‍സ്യൂമര്‍ ഫോറത്തിലാണ് സ്റ്റാര്‍ലിങ്ക് ഉപയോക്താക്കളെ വഞ്ചിക്കുകയാണ് എന്നു പറഞ്ഞുള്ള കത്ത് പ്രസിദ്ധീകരിച്ചത്. ഇതാകട്ടെ, ഇന്ത്യയുടെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്സിനും (ഡോട്ട്) നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് പോലുമില്ലാത്ത സ്റ്റാര്‍ലിങ്ക് 99 ഡോളര്‍ വീതം വാങ്ങുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ് എന്നാണ് കത്തിലെ ആരോപണം. നിയമ വിരുദ്ധമായ പ്രവൃത്തികള്‍ നടത്തുന്ന സ്റ്റാര്‍ലിങ്കിനെതിരെ ഉടനടി നടപടി സ്വീകരിക്കണമെന്നും കത്തില്‍ അഭ്യര്‍ഥിക്കുന്നുണ്ട്.