ന്യൂഡൽഹി: പാൻഡോറ രേഖകളിൽ (Pandora Paper) കൂടുതൽ ഇന്ത്യക്കാരുടെ പേരുകൾ പുറത്ത് . മുൻ സൈനിക ഇന്റലിജൻസ് മേധാവിക്കും (military intelligence ) മകനും സീഷെൽസിൽ നിക്ഷേപം ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
യുകെയിൽ പാപ്പർ ഹർജി നൽകിയ വ്യവസായി പ്രമോദ് മിത്തലിന് കോടികളുടെ നിക്ഷേപമുള്ളതിന്റെ രേഖകളും പുറത്ത് വന്നിട്ടുണ്ട്. ഡയറക്ട് ഇൻവെസ്റ്റ്മെൻറ് ലിമിറ്റഡിന്റെ ഉടമസ്ഥാവകാശം മറച്ചുവെച്ച് കമ്പനിയുടെ ഒരു ബില്യൺ ഡോളർ കടക്കാരനാണെന്ന് അധികൃതരെ തെറ്റിദ്ധരിപ്പിച്ചു. ലണ്ടനിലെ വസതി മെഡ് വെൽ എസ്റ്റേറ്റ്സ് ലിമറ്റഡിന്റേതാണെന്ന അവകാശവാദവും വ്യാജമാണ്. ബ്രിട്ടീഷ് വിർജിൻ ഐലൻഡിലെ മെഡ് വെൽ എസ്റ്റേറ്റ്സ് ലിമിറ്റഡിന്റെ ഉടമയും പ്രമോദ് മിത്തൽ തന്നെയാണ്. ഐപിഎൽ ടീമുകളായ രാജസ്ഥാൻ റോയൽസ്, കിങ്സ് ഇലവൻ പഞ്ചാബ് ഉടമകൾക്കും വിദേശത്ത് കള്ളപ്പണ നിക്ഷേപമുണ്ടെന്നാണ് റിപ്പോർട്ട്.
പാണ്ടോറ പേപ്പേഴ്‌സ് എന്ന പേരിലുള്ള റിപ്പോർട്ടിൽ നികുതിയിളവ് ലഭിക്കുന്ന രാജ്യങ്ങളിൽ ആരംഭിച്ച 29,000 കമ്പനികളുടെയും ട്രസ്റ്റുകളുടെയും വിവരങ്ങളുണ്ട്. ഇൻറർനാഷണൽ കൺസോർഷ്യം ഫോർ ഇൻവെസ്റ്റിഗേഷൻ ജേണലിസവും വിവിധ മാദ്ധ്യമങ്ങളും ചേർന്ന് തയാറാക്കിയ റിപ്പോർട്ടിൽ 12 ദശലക്ഷം രേഖകളാണുള്ളത്. ഭൂരിഭാഗവും രാഷ്‌ട്രത്തലവൻമാരുടേയും പ്രമുഖ വ്യക്തികളുടെയുമാണ്.
90ലേറെ രാജ്യങ്ങളിൽ നിന്നുള്ള 300ൽ അധികം രാഷ്‌ട്രീയക്കാരുടെ വിവരവും ലിസ്റ്റിലുണ്ട്. പണ്ടോറ പേപ്പറിൽ 380ൽ അധികം ഇന്ത്യക്കാർ നികുതി വെട്ടിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. ഇവർക്കെതിയാണ് കേന്ദ്രസർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണത്തിൽ നികുതി വെട്ടിച്ചുവെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.