2021ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ( nobel price in medicine 2021 ) പ്രഖ്യാപിച്ചു. അമേരിക്കന്‍ ശാസ്ത്രജ്ഞരായ ഡേവിഡ് ജൂലിയസിനും ആർഡെം പടാപുടെയ്നുമാണ് പുരസ്കാരം പങ്കിട്ടത്. ശരീരോഷ്മാവിനെയും സ്പർശനത്തെയും കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം.
വിവിധ അസുഖങ്ങൾ കാരണമുണ്ടാകുന്ന കടുത്ത ശാരീരിക വേദനകൾ എങ്ങനെ ശമിപ്പിക്കാൻ സാധിക്കും, ചികിത്സ എന്നിവയിലേക്ക് വെളിച്ചം വീശുന്നതായിരുന്നു പഠനം. ചൂട്, തണുപ്പ്, സ്പർശം എന്നിവ അറിയാൻ സാധിക്കുന്ന നമ്മുടെ കഴിവ് അത്യന്തം പ്രധാനപ്പെട്ടതാണെന്നും, ലോകവുമായുള്ള നമ്മുടെ സമ്പർക്കത്തിന് പ്രധാനമാണെന്നും നൊബേൽ കമ്മിറ്റി ചൂണ്ടിക്കാട്ടി.
നൊബേല്‍ സമിതിയുടെ സെക്രട്ടറി ജനറല്‍ തോമസ് പേള്‍മാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
കാലിഫോര്‍ണിയയിലെ ലാ ഹോലയിലെ സ്‌ക്രിപ്പ്സ് റിസര്‍ച്ചില്‍ പ്രൊഫസറാണ് ആർഡെം പടാപുടെയ്ന്‍. യു.എസിലെ പസദേനയിലുള്ള കാലിഫോര്‍ണിയ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നാണ് പടാപുടെയ്ന്‍ പി.എച്ച്.ഡി. നേടിയത്. നിലവില്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫസറാണ് ഡേവിഡ് ജൂലിയസ്. ബെര്‍ക്ക്‍ലിയിലെ കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ നിന്നാണ് അദ്ദേഹം പി.എച്ച്.ഡി.നേടിയത്.