മുംബൈ: അഡംബരക്കപ്പലിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസിൽ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ ഉള്‍പ്പടെയുള്ള പ്രതികളെ ഒക്ടോബർ 11 വരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി). ആര്യന്‍റെ ഫോണിൽ നിന്ന് ലഭിച്ച തെളിവുകൾ രാജ്യാന്തര മയക്കുമരുന്ന് റാക്കറ്റുമായുള്ള ബന്ധം സൂചിപ്പിക്കുന്നതാണെന്ന് എൻ.സി.ബി റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
പിക്ചർ ചാറ്റുകളായാണ് ലഹരി വ്യാപാരം സംബന്ധിച്ച വിവരങ്ങളുള്ളത്. വതോതിൽ മയക്കുമരുന്ന് വിതരണത്തിന് സംഭരിച്ചതായും എൻ.സി.ബി പറയുന്നു. റെയ്ഡിനെ തുടർന്ന് വിതരണക്കാരനിൽ നിന്ന് മയക്കുമരുന്ന് പിടികൂടിയെന്നും എൻ.സി.ബി വ്യക്തമാക്കി.
ആര്യനും സുഹൃത്ത് അർബാസിനും ലഹരിമരുന്നു വിതരണം ചെയ്ത ശ്രേയസ് നായരെ എൻ.സി.ബി അറസ്റ്റ് ചെയ്തിരുന്നു. എല്ലാ പ്രതികളും തമ്മിൽ ബന്ധപ്പെട്ടുകിടക്കുകയാണെന്നും റാക്കറ്റ് പോലെ പ്രവർത്തിക്കുകയാണെന്നും എൻ.സി.ബിക്ക് വേണ്ടി മുംബൈ കോടതിയിൽ ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ അനിൽ സിങ് പറഞ്ഞു.
ആര്യൻ ഖാന്‍റെ ലെൻസ് കെയ്സില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയതെന്ന് എൻ.സി.ബി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. കേസിലെ മറ്റു പ്രതികളുടെ സാനിറ്ററി പാഡിലും മരുന്ന് ബോക്സിലും ഒളിപ്പിച്ച നിലയിൽ ലഹരി വസ്തുക്കൾ കണ്ടെടുത്തിരുന്നു. ആര്യനും സുഹൃത്തുക്കളും ലഹരിമരുന്ന് വാങ്ങിയതിനും വിറ്റതിനും തെളിവുണ്ടെന്നാണ് എൻ.സി.ബി കോടതിയില്‍ വ്യക്തമാക്കിയത്.