കോഴിക്കോട്: ഡിവൈഎഫ്‌ഐ മുഖമാസിക യുവധാരയിൽ ഇ-ബുള്‍ ജെറ്റ് സഹോദരങ്ങളുടെ കാരിക്കേച്ചര്‍ കവര്‍ ചിത്രമാക്കിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. ഒക്ടോബര്‍ മാസത്തിലെ പുതിയ ലക്കം യുവധാരയുടെ കവര്‍ ചിത്രത്തിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നരിക്കുന്നത്. ഇ-ബുള്‍ജെറ്റ് സഹോദരന്മാരുടെ കരയുന്ന കാരിക്കേച്ചര്‍ ചിത്രമാണ് കവറായി നല്‍കിയിരിക്കുന്നത്. ഇതിനെതിരെയാണ് സഹോദരങ്ങളുടെ ആരാധകരില്‍ നിന്ന് വിമര്‍ശനം ഉയരുന്നത്.
‘അരാഷ്ട്രീയ ആള്‍ക്കൂട്ടത്തിന്റെ ഡിജിറ്റല്‍ വ്യവഹാരങ്ങള്‍’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് കവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഡിവൈഎഫ്‌ഐയുടെ മുഖമാസികയില്‍ ഇത്തരം ഉള്ളടക്കങ്ങള്‍ വരേണ്ടതുണ്ടോയെന്ന് ചിലര്‍ ചോദിക്കുമ്പോള്‍, ഇ ബുള്‍ജെറ്റ് സഹോദരങ്ങളെ ആക്രമിക്കാനുള്ള സര്‍ക്കാര്‍ തന്ത്രത്തിന്റെ ഭാഗമായാണ് ഡിവൈഎഫ്‌ഐയുടെ നീക്കമെന്ന് ഇവരുടെ ആരാധകര്‍ പറയുന്നു. ഡിവൈഎഫ്‌ഐ നേതൃത്വം കുറച്ചുകൂടി പക്വത കാണിക്കണമെന്നാണ് ചിലരുടെ കമന്റ്. വ്യക്തിപരമായി അധിക്ഷേപിക്കരുത് എന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.
” ഒത്തിരി യൂട്യൂബ് ഫോളോവേഴ്‌സ് കയ്യിലുണ്ടെന്ന നെഗളിപ്പും താന്തോന്നിത്തരവുമൊക്കെ കാണിച്ചെങ്കിലും നിയമം ലംഘിച്ചതിന് പിഴയും ലൈസന്‍സ് റദ്ദാക്കലും ഒക്കെ ചെയ്യുന്നതിനുമപ്പുറം ഡിവൈഎഫ്ഐയുടെ മുഖമാസികയില്‍ കവര്‍ പേജില്‍ തന്നെ ഇങ്ങനെ അടച്ചാക്ഷേപിക്കാന്‍ മാത്രം എന്ത് പാതകമാണ് ഇവര്‍ ചെയ്തത് ? രാഷ്ട്രീയം മറയാക്കി സ്വര്‍ണ്ണക്കടത്തും കോട്ടേഷനുമായി വിലസുന്ന ചെറുപ്പക്കാരോളം അരാഷ്ട്രീയ വാദികളാണൊ ഇവര്‍ ? സമൂഹം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആ ക്രിമിനലുകളുടെ ചിത്രമായിരുന്നു അങ്ങനെയെങ്കില്‍ ഡിവൈഎഫ്ഐ കൊടുക്കേണ്ടി ഇരുന്നത് ” – ഒരാള്‍ രോഷത്തോടെ പ്രതികരിച്ചു.