തിരുവനന്തപുരം: കോളേജ് കാമ്പസുകൾ കേന്ദ്രീകരിച്ച് യുവതികളെ വർഗീയതയിലേക്കും തീവ്രവാദത്തിലേക്കും ആകർഷിക്കാൻ ശ്രമം നടക്കുന്നുവെന്ന സിപി എം കത്ത് തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരമൊരു ശ്രമം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി നൽകി.
പ്രൊഫഷണല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുവെന്നായിരുന്നു സിപിഎം പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞിരുന്നത്. വര്‍ഗീയതയിലേക്കും തീവ്രവാദത്തിലേക്കും യുവാക്കളെ ആകര്‍ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പാര്‍ട്ടി സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗം സംബന്ധിച്ച് നല്‍കിയ കുറിപ്പില്‍ പറഞ്ഞിരുന്നു. ഇക്കാര്യങ്ങളാണ് ഷാഫി പറമ്പില്‍ അടക്കമുള്ള പ്രതിപക്ഷ അംഗങ്ങള്‍ ചോദ്യോത്തര വേളയില്‍ ഉന്നയിച്ചത്. ക്യാമ്പസുകളില്‍ യുവതികളെ വര്‍ഗീയതയിലേക്ക് അകര്‍ഷിക്കാന്‍ ബോധപൂര്‍വമായ ഒരു ശ്രമവും നടക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് അന്വേഷണം നടന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.