കൊല്ലം: മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്തിയ കേസില്‍ തിങ്കളാഴ്ച വിധി പറയും. ഭര്‍ത്താവ് സൂരജ് പ്രതിയായ കേസില്‍ കൊല്ലം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക.
2020 മെയ് ആറിനാണ് സൂരജ് ഭാര്യ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നത്.ശാസ്ത്രീയ തെളിവുകള്‍ നിരത്തിയാണ് ഉത്ര വധക്കേസ് പ്രതി സൂരജിനെതിരെ കോടതിയിലെ പ്രോസിക്യൂഷന്റെ അന്തിമ വാദം നടന്നത്. പാമ്പ് ഉത്രയെ കേറി കൊത്തിയെന്ന സൂരജിന്റെ വാദത്തെ നിരാകരിക്കാൻ ശാസ്ത്രീയ തെളിവുകളും പരീക്ഷണങ്ങളും വിദഗ്ദ്ധസമിതി റിപ്പോർട്ടും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ഉത്രയുടെ അതേ തൂക്കത്തിലുള്ള ഡമ്മിയെ ഉപയോഗിച്ച് കൊലപാതക ദൃശ്യങ്ങൾ അന്വേഷണ സംഘം പുനരാവിഷ്കരിച്ചിരുന്നു.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി ഉത്ര വധക്കേസ് പരിഗണിക്കണമെന്ന ആവശ്യമാണ് പ്രോസിക്യൂഷന് കോടതിക്കു മുന്നില്‍ ഉന്നയിക്കുന്നത്. ഉത്രയുടെ സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടിയാണ് ക്രൂരകൃത്യം ഭര്‍ത്താവ് സൂരജ് നടപ്പാക്കിയതെന്നും തെളിവുകള്‍ ഉദ്ധരിച്ച് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു.
കേസില്‍ മാപ്പു സാക്ഷിയായി പ്രഖ്യാപിക്കപ്പെട്ട പാമ്പു പിടുത്തക്കാരന് സുരേഷിന്റെ മൊഴിയും സൂരജിന്റെ വാദങ്ങളെ ദുര്‍ബലമാക്കി. കൊലപാതകകം , കൊലപാതക ശ്രമം, മയക്കുമരുന്ന് കലര്‍ന്ന പാനിയം കുടിപ്പിച്ച് കൊലപ്പെടുത്തല്‍ തുടങ്ങയത് ഉള്‍പ്പടെ അഞ്ച് വകുപ്പുകളാണ് സൂരജിന് എതിരെ ചുമത്തിയിട്ടുളളത്.