തിരുവനന്തപുരം: പുരാവസ്തുക്കളുടെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലിനെതിരെ ( monson mavunkal ) സിബിഐ (cbi) അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാവ് വിഎം സുധീരൻ (sudheeran). സമൂഹത്തിൽ പലതലങ്ങളിലുള്ള ഉന്നതരുമായി ബന്ധമുള്ള മോൻസൺ തികച്ചും അസാധാരണനായ കുറ്റവാളിയാണ് എന്ന് കത്തിൽ സൂചിപ്പിക്കുന്നു.
സംസ്ഥാന പൊലീസിലെ തലപ്പത്തുള്ളവരുൾപ്പടെ ഉന്നത ഓഫീസർമാരുമായി വഴിവിട്ട ഇടപാടുകളാണ് മോൻസണുള്ളതെന്ന് വ്യക്തമാണ്. തന്നെയുമല്ല മോൻസണെതിരായ പ്രഥമവിവരറിപ്പോർട്ട് ക്രൈംബ്രാഞ്ച് ഒളിപ്പിച്ചതായി മാധ്യമറിപ്പോർട്ട് വന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
വിഎം സുധീരൻ്റെ കത്ത്:
പ്രിയപ്പെട്ട മുഖ്യമന്ത്രി,
വൻ തട്ടിപ്പ് വീരൻ മോൻസൺ മാവുങ്കലിന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് സി.ബി.ഐ. അന്വേഷണം അനിവാര്യമാണ്. സമൂഹത്തിൽ പലതലങ്ങളിലുള്ള ഉന്നതരുമായി ബന്ധമുള്ള മോൻസൺ തികച്ചും അസാധാരണനായ കുറ്റവാളിയാണ്. സംസ്ഥാന പോലീസിലെ തലപ്പത്തുള്ളവരുൾപ്പടെ ഉന്നത ഓഫീസർമാരുമായി വഴിവിട്ട ഇടപാടുകളാണ് മോൻസണുള്ളതെന്ന് വ്യക്തമാണ്. തന്നെയുമല്ല മോൻസണെതിരായ പ്രഥമവിവരറിപ്പോർട്ട് ക്രൈംബ്രാഞ്ച് ഒളിപ്പിച്ചതായി മാധ്യമറിപ്പോർട്ട് വന്നിട്ടുണ്ട്. രജിസ്റ്റർ ചെയ്യുന്ന എഫ്.ഐ.ആർ പൊതുരേഖയാക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ ലംഘിച്ചുകൊണ്ടാണിത്. ഈ കേസ് അട്ടിമറിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.
മോൻസൺ സംസ്ഥാനത്തിന് പുറത്ത് നടത്തിയ തട്ടിപ്പുകളും നിയമവിരുദ്ധ ഇടപാടുകളും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡി.ജി.പി. തലത്തിൽ പ്രവർത്തിച്ചിട്ടുള്ള ഉന്നതരുൾപ്പടെ പോലീസിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി നിയമത്തിനു നിരക്കാത്ത ബന്ധങ്ങൾ മോൻസൺ നിർബാധം തുടർന്നിട്ടും അതൊന്നും സംസ്ഥാന ആഭ്യന്തരവകുപ്പ് അറിയാതെ പോയത് ഗുരുതരമായ വീഴ്ചയാണ്; പരാജയവുമാണ്. ഇനി അറിഞ്ഞിട്ടും അതൊന്നും ഭാവിക്കാതെ മുന്നോട്ടുപോയതാണെങ്കിൽ ആഭ്യന്തരവകുപ്പ് തന്നെ പ്രതിക്കൂട്ടിലാകുന്ന സാഹചര്യമാണുള്ളത്. അതിനാൽ വിശ്വാസ്യതയില്ലാത്ത ക്രൈംബ്രാഞ്ച് അന്വേഷണവുമായി മുന്നോട്ടു പോകുന്നത് ഉചിതമല്ല. മോൻസൺ ചെയ്ത സർവ്വ കുറ്റകൃത്യങ്ങളും സി.ബി.ഐ. തന്നെ അന്വേഷിക്കണം. അതിനു വേണ്ട നടപടികളെല്ലാം അടിയന്തരമായി സ്വീകരിക്കണമെന്നഭ്യർത്ഥിക്കുന്നു.