വാഷിങ്ടണ്‍: വിദേശ രാജ്യങ്ങളിൽ അനധികൃത സമ്പാദ്യമുള്ള പ്രമുഖരുടെ വിവരങ്ങള്‍ പുറത്തുവിട്ട് ‘പണ്ടോറ പേപ്പേഴ്സ്'(Pandora Papers). വാഷിങ്ടണ്‍ കേന്ദ്രമായുള്ള അന്താരാഷ്ട്ര അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെ സംഘത്തിൻ്റെ (ഐ.സി.ഐ.ജെ) നേതൃത്വത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെയും മാധ്യമ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് ‘പണ്ടോറ പേപ്പേഴ്സ്’ വിവരങ്ങള്‍ ചോര്‍ത്തിയത്.
ഇന്ത്യയില്‍നിന്ന് ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുല്‍ക്കര്‍(Sachin Tendulkar) ഉള്‍പ്പെടെയുള്ളവര്‍ പട്ടികയിലുണ്ട്. വ്യവസായി അനില്‍ അംബാനി(Anil Ambani), സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ വജ്രവ്യാപാരി നീരവ് മോദി(Nirav Modi), വ്യവസായി കിരണ്‍ മജുംദാര്‍ ഷാ(Kiran Mazumdar Shaw) എന്നിവരുമായി ബന്ധപ്പെട്ടുള്ള രഹസ്യരേഖകളും ചോര്‍ത്തിയിട്ടുണ്ട്. പാപ്പരാണെന്ന് കോടതിയെ അറിയിച്ച അനില്‍ അംബാനി നികുതി വെട്ടിപ്പിനായി വിദേശത്ത് 18 കമ്പനികൾ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ഐ.സി.ഐ.ജെ കണ്ടെത്തിയത്.
ജോര്‍ഡന്‍ രാജാവ് അബ്ദുല്ല, ചെക് പ്രധാനമന്ത്രി ആന്ദ്രെ ബാബിസ്, കെനിയന്‍ പ്രസിഡന്‍റ് ഉഹുറു കെനിയാത്ത, പാകിസ്താന് മന്ത്രിസഭാംഗങ്ങള്‍, റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിൻ്റെ ‘അനൗദ്യോഗിക’ പ്രചാരണ വിഭാഗം മേധാവി കോണ്സ്റ്റന്റിന് ഏണസ്റ്റ് തുടങ്ങിയവരുടെ അനധികൃത സ്വത്ത് സംബന്ധിച്ച വിവരങ്ങളാണ് ആദ്യഘട്ടത്തില്‍ പുറത്തുവിട്ടത്.
വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഐ.സി.ഐ.ജെ അറിയിച്ചു. നികുതി വെട്ടിച്ച് നിക്ഷേപിക്കാന്‍ സൗകര്യമുള്ള രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച 1.2 കോടി രേഖകള്‍ ഒരു വര്‍ഷമെടുത്ത് പരിശോധിച്ചാണ് ‘പണ്ടോറ പേപ്പേഴ്സ്’ വിവരങ്ങള്‍ പുറത്തുവിട്ടത്. രഹസ്യ നിക്ഷേപങ്ങള്‍ സംബന്ധിച്ച് ഐ.സി.ഐ.ജെ. 2016 ല്‍ ‘പാനമ രേഖകള്‍’ എന്ന പേരിലും വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇന്ത്യയില്‍ ഇന്ത്യന്‍ എക്സ്പ്രസ്(The Indian Express) പത്രമാണ് ഐ.സി.ഐ.ജെയുടെ അന്വേഷണ പങ്കാളി.