ദുബൈ: സൗഹൃദ മത്സരത്തിൽ യു.എ.ഇയെ 4- 1 നു തോൽപിച്ച് ഇന്ത്യൻ വനിതകൾ. ദുബൈ സിയബ് അവാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 20ാം മിനിറ്റിൽ മനീഷ കല്യാണിലൂടെയാണ് ഇന്ത്യ ഗോൾവേട്ട തുടങ്ങിയത്. ഏഴ് മിനിറ്റ് കഴിഞ്ഞപ്പോൾ പ്യാരി സാസാ വീണ്ടും വല കുലുക്കി. 41ാം മിനിറ്റിൽ സ്വീറ്റീ ദേവിയും 75ാം മിനിറ്റിൽ അഞ്ജു താമയും ഇന്ത്യയുടെ ഗോൾപട്ടിക തികച്ചു. അഞ്ചര മാസത്തിനു ശേഷം മൈതാനത്തിറങ്ങിയ ഇന്ത്യയുടെ ഈ വർഷത്തെ ആദ്യ ജയമാണിത്. ഈ വർഷം കളിച്ച അഞ്ചു മത്സരങ്ങളിലും ഇന്ത്യ പരാജയം നുണഞ്ഞിരുന്നു. ജനുവരിയിൽ ഇന്ത്യയിൽ നടക്കുന്ന ഏഷ്യൻ കപ്പിന് മുന്നോടിയായാണ് സൗഹൃദ മത്സരത്തിനിറങ്ങിയത്. തിങ്കളാഴ്ച നടക്കുന്ന മത്സരത്തിൽ ഇന്ത്യ തുനീഷ്യയെ നേരിടും. ബഹ്റൈൻ, ചൈനീസ് തായ്പേയ് ടീമുകൾക്കെതിരെയും ഇന്ത്യ സൗഹൃദ മത്സരം നടത്തും. അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.