കണ്ണൂർ:കണ്ണൂരിൽ വീടിന്റെ മേൽക്കൂര തകർന്ന് വീണ് വീട്ടമ്മ മരിച്ചു.പൊടിക്കുണ്ട് കൊയിലി വീട്ടില്‍ വസന്ത (60) ആണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. മരം അടക്കമുള്ളവ കൊണ്ട് നിര്‍മിച്ച വീടിന്റെ മച്ച് പാടെ തകര്‍ന്നു വീണ നിലയിലായിരുന്നു. മുകള്‍ ഭാഗം മുഴുവനായും നിലംപൊത്തി.
മുകള്‍ നിലയിലുണ്ടായിരുന്ന മുറികളിലെ മേശ, അലമാര, കട്ടില് ഉള്‍പ്പെടെയുള്ളവ താഴത്തെ മുറിയില്‍ കിടന്നിരുന്ന വസന്തയുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. മുകളില്‍ കിടക്കുകയായിരുന്ന മകന് ഷിബുവും അപകടത്തില്‍ താഴേക്ക് വീണു. ഇയാള്‍ക്ക് പരിക്കുണ്ട്.
അപകടത്തിന് പിന്നാലെ പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഷിബുവിനെ എടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. പിന്നീട് ഒരു കോണി വച്ച് ഷിബുവിനെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മുകളിലേക്ക് വലിച്ച് കയറ്റുകയായിരുന്നു.
അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് വസന്തയെ പുറത്തെടുക്കാന്‍ പൊലീസും ഫയര്‍ഫോഴ്സും ഏറെ പണിപ്പെട്ടു. മണ്ണും കല്ലും ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ വീണതോടെ മുറിയുടെ വാതില്‍ ലോക്കായിരുന്നു. ഇതോടെ വാതില്‍ പൊളിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.