ലക്നോ: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അറസ്റ്റിൽ. യുപി പോലീസ് പ്രിയങ്കയെ അറസ്റ്റു ചെയ്തതെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് ഘടകമാണ് അറിയിച്ചത്. നേരത്തെ യുപിയിൽ പ്രിയങ്ക ഗാന്ധി അറസ്റ്റിലായെന്ന് യൂത്ത് കോണ്ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി.ശ്രീനിവാസും ട്വീറ്റ് ചെയ്തിരുന്നു.പ്രിയങ്കയെ സീതാപൂർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നും കോണ്ഗ്രസ് അറിയിച്ചു.
ഇന്ന് പുലർച്ചെ പ്രിയങ്ക ഉത്തർപ്രദേശിൽ കർഷക പ്രതിഷേധത്തിനിടയിലേക്കു കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറി മരിച്ച കർഷകരുടെ കുടുംബത്തെ കാണാൻ ലഖിംപൂരിലെത്തി. തുടർന്ന് പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് തടഞ്ഞിരുന്നു. പിന്നീട് പ്രിയങ്ക കാൽനടയായി മുന്നോട്ടുനീങ്ങുകയായിരുന്നു. നൂറ് കണക്കിന് പ്രവർത്തകരും പ്രിയങ്കയ്ക്കൊപ്പം നടന്നു. കാൽനട യാത്രക്കൊടുവിൽ ലഖിംപൂർ ഖേരിയിലെത്തിയ പ്രിയങ്കയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
മേഖല ശാന്തമാകുന്നത് വരെ രാഷ്ട്രീയ നേതാക്കളെ അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് അധികൃതർ. ക്രമസമാധാന ചുമതലയുള്ള എഡിജിപി സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് സ്ഥിതിഗതികൾ നിയന്ത്രിക്കുന്നത്. അർധരാത്രിയിൽ ഉത്തർപ്രദേശിലെ ബാഗ്പതിൽ അടക്കം കർഷകർ റോഡുകൾ ഉപരോധിച്ചു.