കൊല്‍ക്കത്ത: ഡ്യൂറാന്‍ഡ് കപ്പ് കിരീടം എഫ്‌സി ഗോവയ്ക്ക്. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ മുഹമ്മദന്‍സിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഗോവ കിരീടം നേടിയത്. ഇതോടെ ഡ്യൂറാന്‍ഡ് കപ്പ് നേടുന്ന ആദ്യ ഐ.എസ്.എല്‍ ടീം എന്ന ചരിത്രനേട്ടവും എഫ്‌സി ഗോവ സ്വന്തമാക്കി.
ഗോവ ക്യാപ്റ്റനായ സ്പാനിഷ് മിഡ്ഫീൽഡർ എഡു ബെഡിയയാണ് വിജയഗോൾ നേടിയത്.
നിശ്ചിത സമയത്ത് ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ച മത്സരത്തില്‍ അധിക സമയത്താണ് വിജയഗോള്‍ പിറന്നത്. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഓരോ സുവർണാവസരങ്ങൾ ഗോവ താരങ്ങൾ പാഴാക്കി. നിശ്ചിത സമയത്ത് മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചതോടൊണ് അധികസമയം വേണ്ടിവന്നത്.
അധികസമയത്തിന്റെ ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് ഗോവ കാത്തിരുന്ന ഗോളെത്തിയത്. പെനാൽറ്റി ബോക്സിന് പുറത്തുനിന്ന് എടുത്ത എഡു എടുത്ത ഫ്രീക്കിക്ക് മൊഹമ്മദന്റെ ഗോൾവല ചലിപ്പിച്ചു.
തുടക്കം മുതല്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം കളിച്ചെങ്കിലും ഗോളിലേക്കുള്ള ഷോട്ടുകള്‍ മാത്രം അകന്നുനിന്നു. മലയാളി താരം നെമില്‍ മികച്ച പ്രകടനം പുറത്തെടുത്തു. പക്ഷേ കഴിഞ്ഞ മത്സരങ്ങളിലേതു പോലെ ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. നെമിലിനൊപ്പം തൃശ്ശൂരില്‍ നിന്നുള്ള ക്രിസ്റ്റി ഡേവിസും ഗോവന്‍ ടീമിന്റെ ഭാഗമാണ്.