ഹരിപ്പാട്: കേരളത്തിന്റെ മുഖ്യമന്ത്രിയാവാൻ ആഗ്രഹിച്ചെങ്കിലും നടന്നില്ലെന്ന് രമേശ് ചെന്നിത്തല (Ramesh Chennithala). നിയമസഭാ തെരഞ്ഞെടുപ്പിൽ (Kerala Assembly election) പരാജയപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനം (Opposition leader) ഒഴിയേണ്ടി വന്നെങ്കിലും താൻ മുഖ്യമന്ത്രിയാകാനുള്ള (Chief Minister) ശ്രമം തുടരുമെന്ന് ചെന്നിത്തല പറഞ്ഞു. ഹരിപ്പാട് താജുൽ ഉലമ എജ്യുക്കേഷൻ ആന്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന മെറിറ്റ് അവാർഡ് സമ്മേളനത്തിലാണ് ചെന്നിത്തല മനസ്സ് തുറന്നത്.
‘കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചയാളാണ് താൻ. മുഖ്യമന്ത്രി ആകാനുള്ള ശ്രമം തുടരുകയാണ്. ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് കൊണ്ട് ശ്രമം അവസാനിപ്പിക്കില്ല. ലക്ഷ്യം കണ്ടില്ലെങ്കിലും അതിന് വേണ്ടി ശ്രമം തുടരുകയാണ്. ഒരിക്കൽ ആ ലക്ഷ്യം താൻ നേടും,’- എന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർഥികളുമായി സംവദിക്കുമ്പോൾ ജീവിതത്തിൽ സ്വപ്നം കാണണമെന്ന സന്ദേശമാണ് ചെന്നിത്തല നൽകിയത്. നമ്മൾ സ്വപ്നം കാണുന്നവരാവണമെന്നും പരാജയപ്പെടാതെ പൊരുതണമെന്നും പറഞ്ഞാണ് ചെന്നിത്തല സ്വന്തം ജീവിതം തന്നെ ഉദാഹരിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ രമേശ് ചെന്നിത്തലയെ ഹൈക്കമാന്റ് ഇടപെട്ട് പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.