തിരുവനന്തപുരം: പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ സ്വകാര്യ ചടങ്ങുകളില്‍ ഇന്റലിജന്‍സിന്റെ അഭിപ്രായം തേടാതെ പങ്കെടുക്കരുതെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശം. അനാവശ്യ ചടങ്ങുകളില്‍ പങ്കെടുക്കരുത്. അടുപ്പം വേണ്ടാത്തവരുമായി അകലം പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ പരിപാടികളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോമില്‍ പങ്കെടുക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.
മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം പോലീസ് ആസ്ഥാനത്ത് അവസാനിച്ചു. പോലീസ് സേനയ്ക്കെതിരേ വിവിധ ആക്ഷേപങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഉദ്യോഗസ്ഥര്‍ ഹണി ട്രാപ്പില്‍ കുടുങ്ങുന്നതിനെക്കുറിച്ച് അടക്കം മുഖ്യമന്ത്രി പരാമര്‍ശിച്ചു. പോലീസുകാര്‍ ഇത്തരം കേസുകളില്‍ കുടുങ്ങുന്നത് നാണക്കേടാണ്. സേനയ്ക്ക് മൊത്തത്തില്‍ നാണക്കേടാണ് ഇതെല്ലാം. അതിനാല്‍ അതീവ ജാഗ്രത വേണം.
ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുമെന്നും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
അഴിമതിക്കാരായ പോലീസുകാരെ കണ്ടെത്തി നടപടി സ്വീകരിക്കണം. സേനയില്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരുണ്ടെന്നത് എല്ലാവര്ക്കും അറിയുന്ന കാര്യമാണ്. എന്നാല്‍ ചുരുക്കം ചിലര്‍ ചെയ്യുന്ന അഴിമതി ആണെങ്കിലും നാണക്കേട് മൊത്തം സേനയ്ക്കാണ്. അതുകൊണ്ടുതന്നെ അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരേ കണ്ടെത്താനും നടപടി സ്വീകരിക്കാനും പ്രത്യേക സംവിധാനം വേണം. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തിരിച്ചറിയാനും നിരീക്ഷിക്കാനും കഴിയണം. മേലുദ്യോഗസ്ഥര്‍ ഇക്കാര്യം കൃത്യമായി നിരക്ഷിക്കണം.
കോവിഡ് കാലത്തെ പൊതുജനത്തോടുള്ള ചില ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം എല്ലാതലത്തിലും ശ്രദ്ധിച്ചതാണ്. പോലീസുകാരുടെ അഴിമതിയും നിയമവിരുദ്ധ പ്രവര്‍ത്തനവും അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ഏതാനും ഉദ്യോഗസ്ഥരുടെ വഴിവിട്ട പോക്കും മോശമല്ലാത്ത പെരുമാറ്റവും ഉന്നത തലത്തില്‍ ശ്രദ്ധയില്‍ എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.