മുംബൈ: ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായി. ആര്യനൊപ്പം രണ്ട് മയക്കുമരുന്ന് കച്ചവടക്കാരെയും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (Narcotics Control Bureau) അറസ്റ്റുചെയ്തു. മണിക്കൂ
റുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. ഇവരെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുംബൈ തീരത്തെ ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയതിനാണ് ആര്യന്‍ ഖാന്‍ അറസ്റ്റിലായത്. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ മിന്നല്‍ റെയ്ഡില്‍ എട്ട് പേരാണ് പിടിയിലായത്. റെയ്ഡില്‍ കൊക്കെയ്ന്‍, ഹാഷിഷ്, എംഡിഎംഐ ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ എന്‍സിബി പിടികൂടിയിരുന്നു.
ഇന്നലെ അര്‍ധരാത്രിയാണ് റെയ്ഡ് നടന്നത്. മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോയ ആഢംബര കപ്പലില്‍ ലഹരിപാര്‍ട്ടി നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാരുടെ വേഷത്തിലാണ് എന്‍സിബി സംഘം കപ്പലിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എട്ട് പേരും പാര്‍ട്ടിയുടെ സംഘാടകരും പിടിയിലായത്. അറുപതിനായിരം മുതല്‍ ആറ് ലക്ഷം രൂപ വരെ പ്രവേശന ഫീസ് നല്‍കിയാണ് കപ്പലിലെ യാത്ര.