മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ (Rave Party) കസ്റ്റഡിയിലെടുത്ത മുഴുവന്‍ പേരുടെയും പേരുവിവരങ്ങള്‍ നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (Narcotics Control ബ്യൂറോ) പുറത്തുവിട്ടു. പിടികൂടിയതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്ന ഷാരൂഖ് ഖാന്‍റെ (Sharukh Khan) മകന്‍ ആര്യന്‍ ഖാനെക്കൂടാതെ (Aryan Khan) ഏഴ് പേരാണ് മുംബൈ എന്‍സിബിയുടെ കസ്റ്റഡിയില്‍ ഉള്ളത്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
പിടിയിലായവരില്‍ ആര്യൻ ഖാന് പുറമെ അര്‍ബാസ് സേത്ത് മര്‍ച്ചന്‍റ് എന്ന നടനുമുണ്ട്. മുണ്‍മൂണ്‍ ധമേച്ച, നൂപുര്‍ സരിക, ഇസ്‍മീത് സിംഗ്, മോഹക് ജസ്‍വാള്‍, വിക്രാന്ത് ഛോകര്‍, ഗോമിത്ത് ചോപ്ര എന്നിവരാണ് കസ്റ്റഡിയിലുള്ള മറ്റുള്ളവര്‍. എന്‍സിബി മുംബൈ ഡയറക്ടര്‍ സമീര്‍ വാംഖഡെയാണ് പിടികൂടിയവരുടെ വിവരങ്ങൾ പുറത്തുവിട്ടത്.
ഇന്‍റലിജന്‍സില്‍ നിന്നു ലഭിച്ച ചില സൂചനകള്‍ അനുസരിച്ച് ലഹരി പാര്‍ട്ടിയിലെ ബോളിവുഡ് ബന്ധം സംശയിച്ചിരുന്നുവെന്ന് എന്‍സിബി മേധാവി എസ് എന്‍ പ്രധാന്‍ എഎന്‍ഐയോട് പറഞ്ഞു. രണ്ടാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് നിര്‍ണ്ണായക നടപടി ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. മുംബൈ തീരത്ത് കോര്‍ഡിലിയ ക്രൂയിസ് എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടന്നത്. ഇവരില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ്. എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടി.
പിടിച്ചെടുത്ത കപ്പല്‍ മുംബൈ അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനലില്‍ എത്തിക്കും. രണ്ടാഴ്ച മുമ്പാണ് ആഡംബര കപ്പലായ കോര്‍ഡിലിയ ക്രൂയിസ് ഉദ്ഘാടനം ചെയ്തത്. കപ്പലില്‍ ശനിയാഴ്ച ലഹരിപ്പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.