കോഴിക്കോട്; കോഴിക്കോട് ജില്ലയില്‍ കനത്ത മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതോടെ പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. മുക്കം ടൗണിലെ കടകളിലും വെള്ളം കയറി. കനത്ത മഴയില്‍ തോട്ടക്കാട് പൈക്കാടന്‍ മലയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഒരു കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചു. സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ ഒക്ടോബർ 2, 3, 4, 5, 6 തിയ്യതികളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് കോഴിക്കോട് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തീര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ ഡോ. എൻ.തേജ് ലോഹിത് റെഡ്‌ഡി അറിയിച്ചു.
തീരപ്രദേശങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ ആവശ്യമായ ഘട്ടത്തിൽ ബന്ധുവീടുകളിലേക്കോ മറ്റു ഉയർന്ന പ്രദേശങ്ങളിലേക്കോ മാറി താമസിക്കാൻ തയാറാകണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം പൊങ്ങാൻ സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ താമസിക്കുന്നവരും നേരത്തെ ഉരുൾപൊട്ടൽ ഉണ്ടായതും സാധ്യത ഉള്ളതുമായ പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം.