തിരുവനന്തപുരം: കേരളത്തിൽ ഇന്നും ശക്തമായ മഴ(heavy rain) തുടരും. ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ്(yellow Alert). പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് മുന്നറിയിപ്പുള്ളത്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത(rain alert). തമിഴ്നാട് തീരത്തോട് ചേർന്നുള്ള ചക്രവാതച്ചുഴിയാണ്(cyclone) മഴ ശക്തമാകാൻ കാരണം. ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ആറ് ജില്ലകളിലെ യെല്ലോ അലര്‍ട്ട് കൂടാതെ ഇടുക്കിയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തീരപ്രദേശങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ ആവശ്യമായ ഘട്ടത്തിൽ ബന്ധുവീടുകളിലേക്കോ മറ്റു ഉയർന്ന പ്രദേശങ്ങളിലേക്കോ മാറി താമസിക്കാൻ തയാറാകണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം പൊങ്ങാൻ സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ താമസിക്കുന്നവരും നേരത്തെ ഉരുൾപൊട്ടൽ ഉണ്ടായതും സാധ്യത ഉള്ളതുമായ പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം.
അടച്ചുറപ്പില്ലാത്തതും മേൽക്കൂര ശക്തമല്ലാത്തതുമായ വീടുകളിൽ താമസിക്കുന്നവരും മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ മാറി താമസിക്കാൻ തയാറാകണം. ആവശ്യമുള്ളവരെ മാറ്റി താമസിപ്പിക്കാൻ ജില്ലാഭരണകൂടവും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്വകാര്യ, പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ, തുടങ്ങിയവ സുരക്ഷിതമാക്കണം. ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറേണ്ട ഘട്ടമുണ്ടായാൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും കലക്ടർ അറിയിച്ചു.