തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പരിശീലനം നല്‍കുന്ന കാര്യം ആലോചിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കുട്ടികളുടെ ആരോഗ്യ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കുമെന്നും മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ആശങ്ക സ്വാഭാവികമാണ്. കുട്ടികള്‍ക്ക് സാധാരണ വരുന്ന അസുഖങ്ങളും കൊവിഡ് ആയി തെറ്റിദ്ധരിച്ചേക്കാം. അതിനാല്‍ ഡോക്ടര്‍മാരുടെ നിരീക്ഷണം ശക്തിപ്പെടുത്തണമെന്നും ആവശ്യമായ കരുതല്‍ എടുക്കണമെന്നും മന്ത്രി പറഞ്ഞു.
രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ജീവനക്കാരെയും അധ്യാപകരെയും വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി ഒക്ടോബര്‍ 18 മുതലാണ് കോളജുകളിലെ ക്ലാസുകള്‍ ആരംഭിക്കുക. മറ്റ് പരിശീലന സ്ഥാപനങ്ങളിലെ ക്ലാസുകളും ഇതോടൊപ്പം ആരംഭിക്കും.