തെന്നിന്ത്യൻ താരങ്ങളായ സാമന്തയും(samantha) നാഗചൈതന്യയും(naga chaitanya) വേർപിരിഞ്ഞു. സംയുക്ത പ്രസ്താവനയിലൂടെയാണ് താരങ്ങൾ ഇക്കാര്യം അറിയിച്ചത്. നാല് വർഷം മുൻപ് വിവാഹിതരായ ഇരുവരും വേർപിരിഞ്ഞേക്കുമെന്ന് അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ തങ്ങൾ വിവാഹ ബന്ധം വേർപ്പെടുത്തുന്നുവെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് താരങ്ങൾ.
സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും തങ്ങൾ വിവാഹ ബന്ധം വേർപെടുത്തുന്നുവെന്ന് പ്രേക്ഷകരെ അറിയിച്ചത്.
“ഞങ്ങളുടെ അഭ്യുദയ കാംക്ഷികളോട്. ഏറെ ആലോചനകൾക്ക് ശേഷം ഞാനും നാഗചൈതന്യയും അവരവരുടെ വഴികൾ തെരഞ്ഞെടുക്കാനായി ഭാര്യാഭർത്താക്കന്മാർ എന്ന നിലയിൽ നിന്ന് വേർപിരിയാൻ തീരുമാനിച്ചിരിക്കുന്നു. ഞങ്ങൾക്ക് ഒരു പതിറ്റാണ്ടിലധികമായി സൗഹൃദം നിലനിർത്താൻ കഴിഞ്ഞതിൽ ഭാഗ്യമുണ്ട്. അതായിരുന്നു ഞങ്ങളുടെ ബന്ധത്തിൻ്റെ കേന്ദ്രം. ഇനിയും ആ പ്രത്യേക ബന്ധം തുടരാനാവുമെന്ന് ഞങ്ങൾ കരുതുന്നു. ഈ ബുദ്ധിമുട്ടേറിയ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും സ്വകാര്യത അനുവദിക്കാനും ഞങ്ങളുടെ ആരാധകരോടും അഭ്യുദയ കാംക്ഷികളോടും മാധ്യമങ്ങളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.”- തന്‍റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കുവച്ച പ്രസ്താവനയിൽ സാമന്ത പറഞ്ഞു.
2017 ഒക്ടോബര്‍ ആറിനാണ് നാഗചൈതന്യയും സാമന്തയും തമ്മില്‍ വിവാഹിതരായത്. ഇരുവരും തമ്മില്‍ അടുത്തകാലത്ത് സ്വരചേര്‍ച്ചയില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ തന്റെ പേര് സാമന്ത മാറ്റുകയും ചെയ്തിരുന്നു. അക്കിനേനി എന്ന ഭാഗം ഒഴിവാക്കുകയായിരുന്നു സാമന്ത. ഇതോടെയാണ് നാഗചൈതന്യയും സാമന്തയും വേര്‍പിരിയുന്നുവെന്ന് അഭ്യൂഹങ്ങള്‍ വന്നത്.