കോഴിക്കോട്: കോണ്‍ഗ്രസ് ഒഴികെ എല്ലാവരും ന്യൂനപക്ഷങ്ങളെ വോട്ട്ബാങ്കായി കണ്ടവരാണെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ന്യൂനപക്ഷ വിഷയങ്ങളില്‍ കോണ്‍ഗ്രസിന് അഴകൊഴമ്പന്‍ നയമാണെന്ന മുസ്ലിം ലീഗിന്റെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ലീഗിന്റെ വിമര്‍ശനങ്ങളില്‍ പുതുമയുള്ളതായി തോന്നിയിട്ടില്ല. ന്യൂനപക്ഷങ്ങളുടെ കൂടെ കോണ്‍ഗ്രസ് അല്ലാതെ മറ്റ് ഏത് രാഷ്ട്രീയ പ്രസ്ഥാനമാണ് നിന്നിട്ടുള്ളത്? എല്ലാ കാലത്തും ന്യൂനപക്ഷത്തെ ഹൃദയത്തോട് ചേര്‍ത്തിട്ടുള്ള ഏക പ്രസ്ഥാനം കോണ്‍ഗ്രസാണ്. തരാതരംപോലെ ന്യൂനപക്ഷങ്ങളെ വോട്ട്ബാങ്കായി കണ്ടവരാണ് ഇന്ന് കേരളത്തിലുള്ള മറ്റെല്ലാവരുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
സത്യത്തില്‍ തങ്ങള്‍ ആഗ്രഹിച്ചതുപോലുള്ള ഒരു തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സാധിച്ചില്ല. പലകാരണങ്ങള്‍ വിലയിരുത്തുമ്പോള്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുള്ള വീഴ്ചകളെ വീഴ്ചയായി തന്നെ കാണണമെന്ന് പറഞ്ഞിട്ടുള്ള ആളാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.