തിരുവനന്തപുരം: കെപിസിസിയുടെ ഭാഗമായുള്ള വിവിധ പദവികൾ താൻ രാജിവച്ചത് സംഘടനാ പ്രശ്നം കൊണ്ടല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞപ്പോൾ തന്നെ അതോടൊപ്പം വഹിച്ചു പോന്ന പദവികളും താൻ രാജിവയ്ക്കാൻ തീരുമാനിച്ചിരുന്നു. മൂന്ന് മാസം മുൻപ് തന്നെ ഈ പദവികളിൽ നിന്നുള്ള രാജിക്കത്ത് താൻ നൽകിയതാണെന്നും ചെന്നിത്തല പറഞ്ഞു.
കെ.സുധാകരനെതിരെ വിജിലൻസ് അന്വേഷണം നടത്താനുള്ള ശുപാർശ രാഷ്ട്രീയ പ്രേരിതമാണ്. പിണറായി ഓലപാമ്പ് കാട്ടി പേടിപ്പിക്കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫിനും കോൺഗ്രസിനുമെതിരെ മുസ്ലീംലീഗ് പ്രവർത്തക സമിതിയിലുണ്ടായ വിമർശനങ്ങൾ സദുദ്ദേശപരമാണെന്നും യുഡിഎഫിൻ്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നത് കൊണ്ടാണ് അത്തരം വിമർശനങ്ങളുണ്ടാവുന്നതെന്നും ചെന്നിത്തല പറഞ്ഞു.
കോൺഗ്രസിലെ സമീപകാല സംഭവങ്ങളിൽ മുസ്ലിംലീഗ് നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മഞ്ചേരിയിൽ നടന്ന പ്രവർത്തന സമിതി യോഗത്തിലാണ് കോൺഗ്രസിനെതിരെ മുസ്ലിം ലീഗ് വിമർശനം ഉന്നയിച്ചത്.
മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇടഞ്ഞു നിൽക്കുകയാണെന്നും ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളൊന്നും കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്നില്ലെന്നും മുസ്ലിം ലീഗ് യോഗത്തിൽ വിമർശിച്ചു. കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അടിയന്തിരമായി മുൻഗണന നൽകണമെന്നും ഒറ്റകെട്ടായി നേതൃത്വം മുന്നോട്ട് പോകണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, മോൺസൻ മാവുങ്കലുമായി തനിക്ക് കോടികളുടെ ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം തള്ളി രമേശ് ചെന്നിത്തല. അനിത പുല്ലയിൽ ന്യൂസ് അവറിൽ ഉന്നയിച്ച ആരോപണത്തിന് മറുപടി പറയുക ആയിരുന്നു ചെന്നിത്തല. ആരെങ്കിലും എന്തെങ്കിലും പറയുന്നതിനോട് പ്രതികരിക്കാൻ ഇല്ല. മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരെ ആക്ഷേപിക്കുന്ന രീതി പതിവാണെന്നും ചെന്നിത്തല പറഞ്ഞു.

















