ജിദ്ദ: ഭവനനിർമാണ രംഗത്ത് സഹകരിച്ചു പ്രവർത്തിക്കാൻ സൗദിയും ഇന്ത്യയും. സൗദി മുനിസിപ്പൽ ഗ്രാമകാര്യ, ഭവന മന്ത്രാലയവും ഇന്ത്യൻ ഭവന, നഗരകാര്യ മന്ത്രാലയവും നിർവഹണ കരാറിൽ ഒപ്പുവെച്ചു. ഭവനനിർമാണ മേഖലയിലെ നഗരാസൂത്രണം, നിർമാണം, സുസ്ഥിര വികസനം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും മുമ്പ് ഒപ്പിട്ട ധാരണപത്രത്തിലെ അജണ്ടകൾ കൂടുതൽ സജീവമാക്കുന്നതിനാണ് കരാറെന്ന് സൗദി മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തെ പ്രതിനിധാനംചെയ്ത് കസ്റ്റമർ സർവിസ് അണ്ടർ സെക്രട്ടറിയും ഇൻറർനാഷനൽ കോഒാപറേഷൻ ജനറൽ സൂപ്പർവൈസറുമായ അമീർ സഉൗദ് ബിൻ തലാൽ ബിൻ ബദ്ർ ആലു സഉൗദും ഇന്ത്യൻ മന്ത്രാലയത്തെ പ്രതിനിധാനംചെയ്ത് സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഒൗസാഫ് സഇൗദുമാണ് കരാറിൽ ഒപ്പുവെച്ചത്.
രാജ്യത്തെ ഭവന പദ്ധതികൾ ലക്ഷ്യത്തിലെത്താനും 2030ഒാടെ സൗദി കുടുംബങ്ങളുടെ ഭവന ഉടമസ്ഥതയുടെ അനുപാതം 70 ശതമാനമായി ഉയർത്താനും ഈ സംയുക്ത പദ്ധതിയിലൂടെ സാധിക്കും. ഇരുരാജ്യങ്ങൾക്കുമിടയിൽ ഭവനനിർമാണ മേഖലയിൽ നിക്ഷേപ അവസരങ്ങൾ വർധിപ്പിക്കുന്നതിനും സഹായമാകും. ആധുനിക കെട്ടിട സാങ്കേതികവിദ്യകൾ, റെസിഡൻഷ്യൽ കോംപ്ലക്സുകൾ, നഗരവികസനം എന്നീ മേഖലകളിലെ ഉഭയകക്ഷി പങ്കാളിത്തം വിപുലമാക്കും. ഇരുരാജ്യങ്ങളിലെയും സ്വകാര്യ മേഖലകൾ തമ്മിൽ നിർമാണ, പുനർനിർമാണ രംഗത്ത് പരസ്പര സഹകരണത്തിന് അവസരം സൃഷ്ടിക്കുന്നതിനും സഹായിക്കുമെന്ന് അമീർ സഉൗദ് ബിൻ തലാൽ പറഞ്ഞു. ഭവനനിർമാണ, റിയൽ എസ്റ്റേറ്റ് വികസന മേഖലകളിലെ അനുഭവങ്ങൾ കൈമാറുന്നതിലൂടെ ഇരുരാജ്യങ്ങളുടെയും ലക്ഷ്യങ്ങൾ പുലരുമെന്നും അംബാസഡർ കൂട്ടിച്ചേർത്തു.