മസ്കത്ത്: കഴിഞ്ഞദിവസം വിടപറഞ്ഞ ഒമാന്റെ പ്രഥമ വിദ്യാഭ്യാസ മന്ത്രി ശൈഖ് സൗദ് അൽ ഖലീലിയുടെ വിയോഗത്തിൽ പ്രമുഖർ അനുശോചിച്ചു.
പ്രമുഖ വ്യവസായി കൂടിയായ അദ്ദേഹത്തിന് 88 വയസ്സായിരുന്നു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. 1970ലാണ് അദ്ദേഹം ഒമാന്റെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായി നിയമിതനായത്. രാജ്യത്തിന്റെ വികസനത്തിനും വളർച്ചക്കും മികച്ച സംഭാവനകൾ അർപ്പിച്ച വ്യക്തിയായിരുന്നു ഇദ്ദേഹം. മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസിനോട് അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു.
ഈജിപ്തിലെ ഒമാന്റെ ആദ്യ അംബാസഡറുമായിരുന്നു. രണ്ട് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. സുൽത്താനേറ്റിലെ പ്രധാന ദേശീയ വ്യക്തികളിൽ ഒരാളായാണ് ശൈഖ് സൗദ് അൽ ഖലീലിയെ കണക്കാക്കുന്നത്. 1970 മുതൽ ഒമാനിൽ നവോത്ഥാനം കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു.