തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പിൽ സിബിഐ അന്വേഷണം വേണമെന്ന നിലപാട് ആവർത്തിച്ച് വിഎം സുധീരൻ. മോൻസൺ മാവുങ്കൽ നടത്തിയ എല്ലാ തട്ടിപ്പുകളും പുറത്തുവരണമെന്നും വി. എം സുധീരൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
മോൻസൺ വിഷയം രാഷ്ട്രീയ വിവാദമാക്കി മാറ്റാൻ ആരും ശ്രമിക്കേണ്ടതില്ല. ഭൂലോക തട്ടിപ്പാണ് പ്രശ്‌നം. കുറ്റവാളി ശിക്ഷിക്കപ്പെടണം. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമാകില്ല. കേരളത്തിലെ ഇന്റലിജൻസ് സംവിധാനത്തിന്റെ ഗുരുതരമായ വീഴ്ചയാണ് പ്രകടമാകുന്നത്. മുൻ ഡിജിപിയും പൊലീസ് ഉദ്യോഗസ്ഥരുമെല്ലാം മോൻസൺ മാവുങ്കലിന്റെ വീട്ടിൽ കയറിയിറങ്ങി. ഇന്റലിജൻസ് സംവിധാനം എന്തു ചെയ്യുകയായിരുന്നുവെന്നും വി. എം സുധീരൻ ചോദിച്ചു.

















