ദുബായ്: ഇന്ത്യൻ പ്രിമിയർ ലീഗിൽ(IPL) കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്(Kolkata Knight Riders) എതിരെ ജയം പിടിച്ച് പ്ലേഓഫ് പ്രതീക്ഷകള്‍ പഞ്ചാബ് കിങ്‌സ്(Punjab Kings) നിലനിര്‍ത്തി. ഇപ്പോള്‍ കൊല്‍ക്കത്തയ്ക്കും മുംബൈയ്ക്കും ഒപ്പം 10 പോയിന്റോടെ പഞ്ചാബുമെത്തി. എന്നാല്‍ പഞ്ചാബ് പ്ലേഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തിയ കളിയില്‍ കൊൽക്കത്ത താരം രാഹുല്‍ ത്രിപദി(Rahul Tripathi) എടുത്ത ക്യാച്ചിലെ തേര്‍ഡ് അമ്പയറുടെ തീരുമാനമാണ് വിവാദമാവുന്നത്.
മത്സരത്തിനിടെ പഞ്ചാബ് കിങ്സ് നായകൻ കെ.എൽ. രാഹുലിനെ പുറത്താക്കാൻ രാഹുൽ ത്രിപാഠി എടുത്ത ക്യാച്ചാണ് വിവാദത്തിന് ആധാരം. ഓൺ ഫീൽഡ് അംപയർമാർ ഔട്ടിന്റെ കാര്യത്തിൽ ആശയക്കുഴപ്പത്തെ തുടർന്ന് അന്തിമ തീരുമാനം തേഡ് അംപയറിനു വിട്ടെങ്കിലും, അദ്ദേഹത്തിന്റെ തീരുമാനം വന്നതോടെ ആശയക്കുഴപ്പം ഒന്നുകൂടി കൂടി! ക്യാച്ചിന്റെ വിവിധ ക്യാമറാ ആംഗിളുകൾ പരിശോധിച്ച തേഡ് അംപയർ, രാഹുൽ ത്രിപാഠിയുടെ ക്യാച്ച് ശരിയായില്ലെന്നാണ് വിധിച്ചത്. ഇതോടെ രാഹുലിനു ക്രീസിൽ തുടരാനും സാധിച്ചു.
എന്നാൽ, തേഡ് അംപയറിന്റെ തീരുമാനത്തിനെതിരെ ക്രിക്കറ്റ് സമൂഹം ഒന്നടങ്കം രംഗത്തെത്തിയതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. മുൻ താരങ്ങളും കമന്റേറ്റർമാരും ഉൾപ്പെടെയുള്ളവരെല്ലാം ത്രിപാഠിയുടെ ക്യാച്ച് കൃത്യമാണെന്ന് വാദിച്ചതോടെ, തേഡ് അംപയറിന്റെ തീരുമാനം വിവാദമായി.
പഞ്ചാബിന് ജയിക്കാന്‍ 10 കളിയില്‍ നിന്ന് 11 റണ്‍സ് വേണ്ടപ്പോഴാണ് കെ എല്‍ രാഹുലിനെ പുറത്താക്കാന്‍ അവസരം കൊല്‍ക്കത്തയുടെ മുന്‍പിലേക്ക് എത്തുന്നത്. ശിവം മവിയുടെ ഡെലിവറിയില്‍ മിഡ് വിക്കറ്റിലേക്ക് രാഹുല്‍ കളിച്ചപ്പോള്‍ മുന്‍പിലേക്ക് ഡൈവ് ചെയ്ത് രാഹുല്‍ ത്രിപദി ക്യാച്ച് എടുത്തു.
ക്ലീന്‍ ക്യാച്ച് എന്ന് വിശ്വസിച്ച് രാഹുല്‍ ത്രിപദി ആഘോഷവും തുടങ്ങി. എന്നാല്‍ തേര്‍ഡ് അമ്പയര്‍ ക്യാച്ച് പരിശോധിക്കുകയും ബാറ്റര്‍ക്ക് അനുകൂലമായി വിധിക്കുകയും ചെയ്തു. പന്തിനടിയില്‍ രാഹുല്‍ ത്രിപദിയുടെ വിരലുകളുണ്ടെന്ന് റിപ്ലേകളില്‍ വ്യക്തമായെങ്കിലും പഞ്ചാബിന് അനുകൂലമായി അമ്പയറുടെ തീരുമാനം.
തേര്‍ഡ് അമ്പയറുടെ തീരുമാനത്തിന് എതിരെ ഗൗതം ഗംഭീര്‍, ഗ്രെയിം സ്വാന്‍ ഉള്‍പ്പെടെയുള്ള മുന്‍ താരങ്ങള്‍ എത്തുന്നു. താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മോശം തേര്‍ഡ് അമ്പയറിങ് എന്നാണ് സ്വാന്‍ പറഞ്ഞത്. അവിടെ രാഹുലിനെ പുറത്താക്കാന്‍ പഞ്ചാബിന് കഴിഞ്ഞിരുന്നു എങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമാവുമായിരുന്നു എന്ന് ഗൗതം ഗംഭീര്‍ പറഞ്ഞു.
രാഹുല്‍ ത്രിപദിയുടേത് ക്ലീന്‍ ക്യാച്ച് ആണെന്ന് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നായകന്‍ മോര്‍ഗനും പറഞ്ഞു. അവസാന ഓവറിലാണ് കൊല്‍ക്കത്തയ്ക്ക് പിന്നെ രാഹുലിനെ പുറത്താക്കാനായത്. 55 പന്തില്‍ 67 റണ്‍സ് നേടിയ രാഹുലും 9 പന്തില്‍ 22 റണ്‍സ് നേടിയ ഷാരൂഖ് ഖാനും ചേര്‍ന്ന് പഞ്ചാബിനെ ജയത്തിലേക്ക് എത്തിച്ചു.