കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിന്‍റെ വീട്ടിൽ നിന്ന് വിഗ്രഹങ്ങളും ശിൽപ്പങ്ങളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. തിരുവനന്തപുരം മുട്ടത്തറ സ്വദേശി സുരേഷ് നിർമിച്ചു നൽകിയ എട്ട് വിഗ്രഹങ്ങളും ശിൽപ്പങ്ങളുമാണ് പിടിച്ചെടുത്തത്.
ഇന്നലെ അർധരാത്രിയിലാണ് തിരുവനന്തപുരത്ത് നിന്നുള്ള ക്രൈംബ്രാഞ്ച് സംഘം കൊച്ചിയിലെ വാടക വീട്ടിലെത്തിയത്. കേസിന്‍റെ തെളിവായ വിഗ്രഹങ്ങളും ശിൽപ്പങ്ങളും ആണ് അന്വേഷണസംഘം സീൽ ചെയ്ത് കസ്റ്റഡിയിലെടുത്തത്.
സുരേഷ് നിർമിച്ചു നൽകിയത് ഒമ്പത് വിഗ്രഹങ്ങളാണ്. എന്നാൽ, ഇതിൽ എട്ടെണ്ണം മാത്രമാണ് ക്രൈംബ്രാഞ്ചിന് കണ്ടെത്താൻ സാധിച്ചത്. ഒരെണ്ണം മറ്റാർക്കെങ്കിലും മോൻസൺ കൈമാറിയോ എന്ന് കണ്ടെത്തേണ്ടതുണ്ട്. സുരേഷിനെ കബളിപ്പിച്ച കേസിൽ മോൻസണിന്‍റെ അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തും.
അതേസമയം കൊച്ചി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള മോൻസന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കഴിഞ്ഞദിവസം പുരാവസ്തുകളുടെ മ്യൂസിയം സ്ഥിതിചെയ്യുന്ന കലൂരിലെ വീട്ടിൽ മോൻസനെ എത്തിച്ച് ക്രൈംബ്രാഞ്ച് തെളിവെടുത്തിരുന്നു. പുരാവസ്തുവകുപ്പും മോൻസന്റെ കലൂരിലെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു.