കൊട്ടാരക്കര : ബിസിനസ് പങ്കാളിയായ സുഹൃത്തിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ സിനിമാ നിർമാതാവ് അറസ്റ്റിൽ. ‘കിങ് ഫിഷർ’ എന്ന സിനിമയുടെ നിർമാതാവ് മങ്ങാട് അജി മൻസിലിൽ അംജിത്ത് (46) ആണ് കഴിഞ്ഞദിവസം തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിലായത്. അടൂർ കണ്ണംകോട് നാലുതുണ്ടിൽ വടക്കതിൽ എ.ഷബീറി(40)നെ എം.സി.റോഡിൽ കാർ തടഞ്ഞുനിർത്തി ആക്രമിച്ച കേസിലാണ് അറസ്റ്റ്.കൂട്ടു പ്രതികളായ 6 പേർ നേരത്തേ പിടിയിലായിരുന്നു. അംജിത്തിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
2019 മേയ് എട്ടിന് പുലർച്ചെ എംസി റോഡിൽ കരിക്കത്തിനു സമീപമാണ് കേസിനാസ്പദമായ സംഭവം. ഗൾഫിലേക്കു പോകാൻ തിരുവനന്തപുരം വിമാനത്താവളത്തിലേക്കു കാറിൽ പുറപ്പെട്ട ഷബീറിനെ യാത്രാ മധ്യേ ആക്രമിച്ചു കൊലപ്പെടുത്താനായിരുന്നു ശ്രമം.ആഡംബര കാറിലെത്തിയ അക്രമിസംഘം കാറിനെ മറികടന്നു തടഞ്ഞു നിർത്തി വടിവാളും കമ്പിവടികളും ഉപയോഗിച്ചു കാറിന്റെ ഗ്ലാസ് അടിച്ചു പൊട്ടിച്ചു. ഡ്രൈവറെ വണ്ടിയിൽ നിന്ന് ഓടിച്ചു വിട്ടശേഷം ഷബീറിനെ വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു.
ഷബീറും അംജിത്തും പങ്കാളിത്ത വ്യവസ്ഥയിൽ ദുബായിൽ മൊബൈൽ കട നടത്തിയിരുന്നു. കച്ചവടാവശ്യത്തിനും സിനിമാ നിർമാണത്തിനുമായി അംജിത്ത് ഷബീറിൽനിന്നു ലക്ഷക്കണക്കിനുരൂപ കൈപ്പറ്റി. ഇതു തിരികെ നൽകാതിരിക്കാനായി ചമ്പക്കുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘത്തിന് കിളികൊല്ലൂർ സ്വദേശി മാഹിൻ വഴി 2 ലക്ഷം രൂപയുടെ ക്വട്ടേഷൻ നൽകുകയായിരുന്നു.പ്രതികളുപയോഗിച്ച വാഹനവും ആയുധങ്ങളും പൊലീസ് സംഭവം നടന്ന് വൈകാതെ പിടിച്ചെടുത്തു. മാഹിനെ ഗൾഫിലെത്തിച്ചു ജോലി നൽകി അംജിത് സംരക്ഷിച്ചെങ്കിലും നാട്ടിലെത്തിച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.