തിരുവനന്തപുരം: തൊഴിൽ സേനയിലെ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യ സ്വാതന്ത്ര്യം നേടി 75 വർഷമായിട്ടും സ്ത്രീ പുരുഷ സമത്വം സാധ്യമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.തൊഴിൽ സേനയിൽ സ്ത്രീകളുടെ പങ്ക് ഇപ്പോഴും കുറവാണ്. അവർക്ക് സാമൂഹികവും സാമ്പത്തികവുമായ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് തൊഴിൽ സേനയിലെ പങ്ക് വർധിപ്പിക്കേണ്ടതുണ്ട്. ഇതിനുള്ള ശ്രമങ്ങൾ തദ്ദേശസ്ഥാപനങ്ങളിൽനിന്നും ഉണ്ടാവണം.
ഔപചാരികമായ രാഷ്ട്രീയ സ്വാതന്ത്ര്യം സാമൂഹികവും സാമുദായികവുമായ വേർതിരിവുകളെ ഇല്ലാതാക്കുമെന്ന പ്രതീക്ഷ ഫലിച്ചില്ല. സമൂഹത്തിലെ വിടവുകൾ പിന്നെയും വർധിപ്പിച്ചുവെന്നതാണ് സത്യം. സാമൂഹികവും സാമ്പത്തികവുമായ അസന്തുലിതാവസ്ഥ നിലനിൽക്കുന്നു. നവോത്ഥാന പൈതൃകങ്ങൾ ഉൾക്കൊണ്ടുകൊണ്ട്, ഈ വഴിക്കുള്ള പുതിയ മുന്നേറ്റങ്ങൾ ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.