കോട്ടയം: പാലാ സെന്റ് തോമസ് കോളേജില്‍ സഹപാഠിയെ കഴുത്തറത്ത് കൊലപ്പെടുത്താനിടയാക്കിയത് സംശയമാണെന്ന് പ്രതി അഭിഷേകിന്‍റെ മൊഴി. കൊലപാതകത്തിന് ശേഷം പിടിയിലായ അഭിഷേകിന് കുറ്റകൃത്യത്തില്‍ യാതൊരു കുറ്റബോധവും ഇല്ലെന്ന് പോലീസ് പറയുന്നു.
പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷ കഴിഞ്ഞിറങ്ങിയ കളപ്പുരക്കല്‍ വീട്ടില്‍ നിഥിനയെ അഭിഷേക് ഇന്ന് രാവിലെ 11.30 ഓടെ കഴുത്തറുത്ത് കൊല്ലപ്പെടുത്തുകയായിരുന്നു. ‘നിഥിനയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ട്. അതിന്റെ ചിത്രങ്ങള്‍ താന്‍ ഫോണില്‍ കണ്ടു’ ഇതാണ് ഇത്തരമൊരു കൃത്യം ചെയ്യുന്നതിലേക്ക് നയിച്ചതെന്നാണ് അഭിഷേക് മൊഴി നല്‍കിയിരിക്കുന്നത്.
ഈ ബന്ധം സംബന്ധിച്ച് നിഥിനയോട് പല തവണ ചോദിച്ചെന്നും എന്നാല്‍ കൃത്യമായി മറുപടി നല്‍കിയില്ലെന്നും അഭിഷേകിന്റെ മൊഴിയില്‍ പറയുന്നു. രണ്ടു വര്‍ഷമായി പ്രണയത്തിലായ നിഥിനയും അഭിഷേകും തമ്മില്‍ അകലാന്‍ കാരണം ഇത്തരമൊരു സംശയമാണെന്നാണ് പോലീസ് കരുതുന്നത്.
അതേസമയം കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചായിരുന്നില്ല താൻ വന്നതെന്നാണ് അഭിഷേക് പറഞ്ഞത്. കത്തി കൊണ്ടുവന്നത് സ്വന്തം കൈഞരമ്പ് മുറിച്ച് നിതിനമോളെ ഭയപ്പെടുത്താനായിരുന്നുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
പാലാ സെന്റ് തോമസ് കോളേജിൽ മൂന്നാം വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥികളായ അഭിഷേകും നിതിനയും പരീക്ഷയെഴുതാൻ വന്നതായിരുന്നു. പരീക്ഷയ്ക്ക് ശേഷം രണ്ടുപേരും കോളേജ് ഗ്രൗണ്ടിൽ നിൽക്കുന്നത് പലരും കണ്ടിരുന്നു. ക്രൂരമായ കൊലപാതകം നേരിൽ കണ്ടത് കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ ജോസാണ്. അഭിഷേക് നിതിനയുടെ കഴുത്തിൽ വെട്ടുന്നത് കണ്ടെന്നും ഭയന്നുപോയെന്നുമാണ് ഇദ്ദേഹത്തിന്റെ മൊഴി. വിവരം താൻ അപ്പോൾ തന്നെ പ്രിൻസിപ്പലിനെ അറിയിച്ചെന്നും ഇദ്ദേഹം പൊലീസിനോട് പറഞ്ഞു.