ന്യൂഡല്‍ഹി: സ്വച്ഛ് ഭാരത് മിഷന്റെയും(Swachh Bharat Mission) അമൃതിന്റെയും രണ്ടാം പതിപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി(Narendra Modi) ഉദ്ഘാടനം ചെയ്തു. നഗരങ്ങളെ മാലിന്യമുക്തമാക്കാനും വികസനം സാധ്യമാക്കാനും ലക്ഷ്യമിട്ടാണ് ഒന്നാം ദൗത്യത്തിന് തുടക്കം കുറച്ചത്. നഗരങ്ങളെ മാലിന്യമുക്തമാക്കുകയും കുടിവെള്ള ലഭ്യത ഉറപ്പാക്കുകയുമാണ് രണ്ടാം ദൗത്യത്തിന്റെ ലക്ഷ്യം. ന്യൂഡല്‍ഹിയിലെ അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററിലാണ് പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്.
അംബേദ്കറിന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ ഈ പദ്ധതികള്‍ നിര്‍ണായകമാണെന്ന് മോദി പറഞ്ഞു. അസമത്വം ഇല്ലായ്മ ചെയ്യുന്നതിന് നഗരവികസനത്തിലാണ് അംബേദ്കര്‍ വിശ്വാസം അര്‍പ്പിച്ചിരുന്നത്. ഗ്രാമങ്ങളിലുള്ളവര്‍ മെച്ചപ്പെട്ട ജീവിതം കൊതിച്ചാണ് നഗരങ്ങളില്‍ ചേക്കേറുന്നത്. എന്നാല്‍ അവരുടെ ജീവിതനിലവാരം ഗ്രാമങ്ങളിലേതിനേക്കാള്‍ താഴെയാണ്.ഇതില്‍ മാറ്റം കൊണ്ടുവരാന്‍ പുതിയ പദ്ധതി വഴി സാധിക്കുമെന്നും മോദി പറഞ്ഞു.
മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനാണ് സ്വച്ഛ് ഭാരത് മിഷന്‍ പ്രാധാന്യം നല്‍കിയിരുന്നത്. എന്നാല്‍ രണ്ടാം പതിപ്പില്‍ ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതും പ്രാധാന്യം നല്‍കണമെന്ന് മോദി നിര്‍ദേശിച്ചതായി കേന്ദ്ര നഗരവികസനകാര്യമന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.
നഗരങ്ങളെ പൂര്‍ണമായി മാലിന്യമുക്തമാക്കുകയാണ് സ്വച്ഛ് ഭാരത് മിഷന്‍ രണ്ടാം പതിപ്പിന്റെ ലക്ഷ്യം. അഴുക്കുചാല്‍ സംവിധാനം കാര്യക്ഷമമാക്കും. ഖരമാലിന്യങ്ങള്‍ ഉറവിടത്തില്‍ നിന്ന് തന്നെ വേര്‍തിരിച്ച് നിര്‍മാര്‍ജ്ജനം ചെയ്യും. ഇതിന് ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കും. 1.41 ലക്ഷം കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്.
രാജ്യത്തെ 4700 നഗരസഭകളില്‍ വീടുകളില്‍ സമ്പൂര്‍ണ കുടിവെള്ള വിതരണം ഉറപ്പാക്കുകയാണ് അമൃത് രണ്ടാം പതിപ്പിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി 2.68 കോടി പൈപ്പ് കണക്ഷന്‍ നല്‍കും. മലിനജലം ഒഴുക്കി കളയുന്നതിന് അഴുക്കുചാല്‍ സംവിധാനം. ഇതില്‍ 100 ശതമാനം വിജയം കൈവരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ഇതുവഴി 10.5 കോടി പേര്‍ക്ക് ഗുണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി 2.64 കോടി മലിനജലം ഒഴുക്കി കളയുന്നതിനുള്ള പൈപ്പ് സംവിധാനം ഒരുക്കും.