കോണ്‍ഗ്രസ് പ്രവേശത്തില്‍ പ്രതികരണവുമായി കനയ്യകുമാര്‍(Kanhaiya Kumar). താന്‍ ആരെയും ചതിച്ചിട്ടില്ല, ഇന്ത്യയെ തകർക്കുന്ന കേന്ദ്രസർക്കാരിനെതിരെ പോരാടാനാണ് കോൺഗ്രസിലെത്തിയത്. ഇടത് ആശയത്തില്‍ നിന്ന് വ്യതിചലിച്ചല്ല കോണ്‍ഗ്രസ് പ്രവേശം. സിപിഐയുടെ വിമര്‍ശനം മനസിലാക്കുന്നു, സിപിഐയോട് തനിക്ക് നന്ദിയുണ്ടെന്നും കനയ്യ കുമാർ പറഞ്ഞു.
ഇന്ത്യയെ രക്ഷിക്കാൻ ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തണം. ഡി രാജയുടെ പ്രതികരണം സ്വാഭാവികമാണെന്നും പാർട്ടി വിട്ടാൽ നേതാക്കൾ കുറ്റപ്പെടുത്തുമെന്നും കനയ്യ പ്രതികരിച്ചു. ബി ജെ പിക്കെതിരായ പോരാട്ടത്തിൽ ഇപ്പോഴും ഇടതുപക്ഷത്തോടൊപ്പം തന്നെയാണെന്നും കനയ്യ കുമാർ കൂട്ടിച്ചേർത്തു.
സിപിഐ ദേശീയ നിർവാഹക സമിതി അംഗമെന്ന പദവിയായിരുന്നു കനയ്യ കുമാർ വഹിച്ചിരുന്നത്.
കനയ്യകുമാറിനെ സിപിഐയിൽ നിന്ന് പുറത്താക്കിയതായി സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയാണ് അറിയിച്ചത്. കനയ്യ കുമാർ കമ്മ്യുണിസ്റ്റ് ആശയങ്ങളെയും പാർട്ടിയേയും ചതിച്ചുവെന്നാണ് ഡി രാജ പറഞ്ഞത്.
പാർട്ടി വിട്ടതിന് പിന്നാലെ താൻ എന്തുകൊണ്ടാണ് കോൺഗ്രസിലേക്ക് എത്തിയതെന്നും കനയ്യ കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് രക്ഷപ്പെട്ടില്ലെങ്കിൽ രാജ്യം രക്ഷപ്പെടില്ലെന്നും അതുകൊണ്ടാണ് താൻ കോൺഗ്രസിലേക്ക് എത്തിയതെന്നും കനയ്യ കുമാർ പറയുന്നു. ഭഗത് സിംഗിന്റെ വീര്യവും, ഗാന്ധിയുടെ ഏകതയും, അംബേദ്കരുടെ തുല്യതയും വേണം. ഇവർ മൂവരുടെയും ചിത്രം രാഹുൽ ഗാന്ധിക്ക് നൽകിയെന്നും കനയ്യ പറയുന്നു. ബിജെപിക്ക് കോൺഗ്രസ് അല്ലാതെ മറ്റൊരു ബദലില്ലെന്നും കനയ്യ കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.