കൊച്ചി: സാമ്പത്തിക തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കല്‍(Monson Mavunkal) സ്ത്രീകളെ വലയിലാക്കിയിരുന്നത് സൗന്ദര്യവര്‍ധക വസ്തുക്കള്‍ നല്‍കി. ‘കോസ്മറ്റോളജിസ്റ്റ്’ എന്നുപറഞ്ഞ് നടന്നിരുന്ന ഇയാള്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത വിലകൂടിയ സൗന്ദര്യവര്‍ധക വസ്തുക്കളായിരുന്നു ചികില്‍സയുടെ ഭാഗമായി നല്‍കിയിരുന്നത്. അതിനാൽത്തന്നെ പലർക്കും ഫലപ്രാപ്തിയും ലഭിച്ചു.
ഈ വിവരം പരസ്പരം പറഞ്ഞ് കൂടുതല്‍ പേര്‍ അറിഞ്ഞു. ഇത്തരത്തില്‍ നിരവധിപേര്‍ മോന്‍സന്റെ അടുക്കല്‍ എത്തിയിരുന്നു. ചില ഉന്നതരുടെ ഭാര്യമാരും സൗന്ദര്യചികിത്സ തേടി എത്തിയിരുന്നതായാണ് അന്വേഷണസംഘത്തിന് വിവരം ലഭിച്ചത്.
വിദേശത്തുനിന്ന് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വന്ന വനിതയെ സാരി ഉടുക്കാന്‍ പഠിപ്പിച്ചാണ് മോന്‍സന്‍ വലയില്‍ ‘വീഴ്ത്തി’യത്. ഇവരോട് പ്രധാന ചടങ്ങുകളില്‍ സാരി ധരിച്ച് വരാന്‍ നിർദേശിക്കുകയും സാരിയുടുക്കാൻ ഇയാൾ പഠിപ്പിക്കുകയും ചെയ്തു.
മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ(Lokanath Behera) മ്യൂസിയത്തിലേക്ക് ക്ഷണിച്ചത് താനാണെന്ന് തെളിവെടുപ്പിനിടെ മോന്‍സന്‍ പറഞ്ഞു. എസ് പി സുജിത് ദാസിന്റെ കല്യാണ തലേന്നാണ് താന്‍ ബെഹ്‌റയെ മ്യൂസിയത്തിലേക്ക് ക്ഷണിച്ചത്. ബെഹ്‌റ എഡിജിപി നോജ് എബ്രഹാമിനെയും കൂടെ കൂട്ടി. ഇരുവരെയും വഞ്ചിക്കാന്‍ ഉദ്ദേശ്യമില്ലായിരുന്നു. ബെഹ്‌റയെ തനിക്ക് പരിചയപ്പെടുത്തിയത് അനിത പുല്ലയില്‍ ആണെന്നും മോന്‍സന്‍ പറഞ്ഞു.
മോൻസനെ കലൂരിലെ വീട്ടിലെത്തിച്ചു വീണ്ടും തെളിവെടുത്തു. ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ് ശ്രീജിത്ത് കൊച്ചിയിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തി. പ്രതി വ്യാജഡോക്ടർ ചമഞ്ഞ് ചികിത്സ നടത്തിയോ എന്ന് പരിശോധിക്കുമെന്ന് അദ്ദേഹം അറിയിച്ചു.