മോഹന്‍ലാലിനെ (Mohanlal) നായകനാക്കി പൃഥ്വിരാജ് (Prithviraj Sukumaran) സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’ (Bro Daddy) ഡയറക്റ്റ് ഒടിടി റിലീസ് (Direct OTT Release) ആയേക്കുമെന്ന് സൂചനകള്‍. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാവും (Disney Plus Hotstar) ചിത്രം എത്തുകയെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ട്. ചില ട്രേഡ് അനലിസ്റ്റുകളും ഇക്കാര്യം ട്വീറ്റ് ചെയ്‍തിട്ടുണ്ട്. വളര്‍ന്നുകൊണ്ടിരിക്കുന്ന മലയാളം ഒടിടി മാര്‍ക്കറ്റിലേക്കുള്ള കടന്നുവരവിന് ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാര്‍ സജ്ജമാണെന്നും പ്ലാറ്റ്‍ഫോമിലൂടെ ബ്രോ ഡാഡി പ്രീമിയറിന് സാധ്യതയുണ്ടെന്നും പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്‍തു.
അതേസമയം ചിത്രം തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റിലീസ് ആയിരിക്കുമോ എന്ന് ആരാധകരില്‍ ചിലര്‍ സംശയം ഉയര്‍ത്തുന്നുണ്ട്. മലയാള സിനിമ ഒടിടി ലോകത്ത് ഏറെ നേട്ടമുണ്ടാക്കിയ കൊവിഡ് കാലത്ത് തിയറ്റര്‍ റിലീസില്‍ ശ്രദ്ധ നേടിയ പല ചിത്രങ്ങളും പിന്നാലെ ആമസോണ്‍ പ്രൈം വീഡിയോ, നെറ്റ്ഫ്ളിക്സ് അടക്കമുള്ള പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് ചെയ്യപ്പെട്ടിരുന്നു. അതേതായാലും ബ്രോ ഡാഡിയെ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
‘ലൂസിഫറി’നു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയുടെ ചിത്രീകരണം ഈ മാസം ആറാം തീയതി അവസാനിച്ചിരുന്നു. മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി പൃഥ്വിരാജ് അഭിനയിക്കുന്നുമുണ്ട്. ലൂസിഫര്‍ പൊളിറ്റിക്കല്‍ അണ്ടര്‍ടോണ്‍ ഉള്ള ആക്ഷന്‍ ചിത്രമായിരുന്നെങ്കില്‍ ബ്രോ ഡാഡി രസകരമായ ഒരു കുടുംബചിത്രമെന്നാണ് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍, കാവ്യ ഷെട്ടി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം. സംഗീതം ദീപക് ദേവ്. എഡിറ്റിംഗ് അഖിലേഷ് മോഹന്‍. കലാസംവിധാനം ഗോകുല്‍ദാസ്. ഓഡിയോഗ്രഫി രാജാകൃഷ്‍ണന്‍ എം ആര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വാവ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍.