മനസ്സുകൊണ്ടും ശരീരം കൊണ്ടും സജീവമായിരിക്കാൻ സഹായിക്കുന്ന യോഗാശീലങ്ങൾ ഒരാളുടെ ജീവിതത്തിലെ എല്ലാവിധ പ്രശ്നങ്ങളെയും കുറയ്ക്കാൻ ഒരു പരിധിവരെ സഹായകമാകുമെന്ന് സമീപകാല ഗവേഷണങ്ങൾ ചൂണ്ടികാണിക്കുന്നു.
ഒന്നാലോചിച്ചാൽ നമ്മളിൽ മിക്കവാറും പേരുടെയും ദൈനംദിന ജീവിതം തിരക്കു നിറഞ്ഞതും അതിനെക്കാളേറെ സമ്മർദ്ദദായകവും ആയിരിക്കുമെന്നുറപ്പാണ്. ജോലിത്തിരക്കിനിടയിൽ നമ്മുടെ ശരീരത്തിൻ്റെ ആവശ്യകതകളടക്കം പ്രാധാന്യമുള്ള പല കാര്യങ്ങളെപ്പറ്റിയും നാം അവഗണിക്കാറ് പതിവാണ്. നമ്മുടെ മനസ്സ് നിരന്തരം ഉണർന്നു പ്രവർത്തിക്കുന്നുണ്ടെങ്കിലും ശരീരം പലപ്പോഴും അങ്ങനെയല്ല. മടുപ്പിക്കുന്ന ഡയറ്റ് പ്ലാനുകളേയും വ്യായാമ പദ്ധതികളേയും കുറിച്ചുള്ള ചിന്തകളെ മാറ്റിവെച്ചുകൊണ്ട് അടുത്ത ദിവസം നടക്കാനിരിക്കുന്ന മീറ്റിംഗിനെക്കുറിച്ചുള്ള വേവലാധികൾ ആയിരിക്കും മനസ്സിലൂടെ ഓടിക്കൊണ്ടിരിക്കുന്നത്.
എന്തുകൊണ്ട് യോഗ
എന്നാൽ മഹാമാരിയുടെ ദിനങ്ങൾ വന്നെത്തിയതോടെ നമ്മുടെ ശരീരത്തിൻ്റെ ആവശ്യകതകളെ കുറച്ചുകൂടി പ്രാധാന്യത്തോടെ നോക്കിക്കാണേണ്ടത് പ്രധാനമായി മാറിയിരിക്കുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടതും ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് തിരികേ ചുവട് വെക്കേണ്ടതും ഇന്ന് ഏറ്റവും ആവശ്യകമായ കാര്യമാണ്. ഒരാൾ സ്വയം ഫിറ്റായിരിക്കുക എന്നതിനർത്ഥം രോഗങ്ങളെ പ്രതിരോധിക്കാനുള്ള ആരോഗ്യശേഷിയും ജീവിതശൈലിയും ഉണ്ടാക്കിയെടുക്കുക എന്നാണ്. ആരോഗ്യകരമായ മനസ്സിന്റെയും ശരീരത്തിന്റെയും സംയോജനമാണ് യഥാർത്ഥ ഫിറ്റ്നസ്. ഇത് നേടിയെടുക്കാൻ ഒരാളെ സഹായിക്കുന്ന മികച്ച മാർഗ്ഗങ്ങളിൽ ഒന്നാണ് യോഗ.
നമ്മുടെ പാരമ്പര്യത്തിൻ്റെ ഭാഗമായതും 4000 വർഷത്തിലേറെ പഴക്കമുള്ളതുമായ ഒരു പരിശീലനമാണ് യോഗ. ശാരീരികക്ഷമത കൈവരിക്കാനുള്ള യാത്രയിൽ ഒരു ഉത്തേജകമായി മാത്രമല്ല, നമ്മുടെ മനസ്സിൻ്റെയും ശരീരത്തിൻ്റെയും ആന്തരിക ക്ഷേമം ഉറപ്പു വരുത്തുകയും ചെയ്യുന്നു മികച്ച യോഗാശീലം. ശരീരത്തിന് വിശ്രമം നൽകുന്ന മികച്ച രീതിയായ ഇത് വിഷാദരോഗത്തിൽ തുടങ്ങി ശാരീരികമായ പല ആരോഗ്യ പ്രശ്‌നങ്ങൾക്കുമുള്ള ഒരു പരിഹാരമാണെന്ന് കണ്ടെത്തിയിരിക്കുന്നു.
ഉയർന്ന പേശീബലം
ഒരു നല്ല യോഗാ ശീലം ഒരാളുടെ ശാരീരിക വഴക്കത്തിൻ്റെ പര്യായമായി മാറും. ഓരോ തവണയും ഒരാൾ യോഗ ചെയ്യുമ്പോഴും ഇത് ശരീരത്തിലെ ഇതിലെ പേശികളിൽ ഉയർന്ന രീതിയിൽ സ്വാധീനം ചെലുത്തുന്നുണ്ട്. സന്ധി വേദന, പേശിവേദന, തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവരാണെങ്കിൽ യോഗ ചെയ്യുന്നത് വഴി ഇതിൻ്റെ ലക്ഷണങ്ങൾ ക്രമേണ കുറയുന്നത് നിങ്ങൾ തിരിച്ചറിയും. സന്ധിവാതം, നടുവേദന തുടങ്ങിയ രോഗാവസ്ഥകളെ ചെറുത്തു നിർത്താൻ ശക്തമായ പേശിബലം ആവശ്യമാണ്. ഇത് നേടിയെടുക്കാൻ യോഗാശീലം നിങ്ങളെ സഹായിക്കും. അധോ മുഖ സ്വാനാസനം, ഉർദ്ധ മുഖ സ്വാനാസനം തുടങ്ങിയ യോഗാസനങ്ങൾ നിങ്ങളുടെ അസ്ഥികളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും നിങ്ങൾക്ക് നല്ല പേശീബലം നിലനിർത്തുകയും ചെയ്യുന്നു. ഓസ്റ്റിയോപൊറോസിസ് രോഗത്തെ ചെറുത്തുനിർത്താൻ യോഗ ശീലം സഹായികമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ശ്വാസോച്ഛ്വാസം മികച്ചതാക്കാൻ
യോഗാസനങ്ങൾ നിങ്ങളുടെ ശ്വസനാരോഗ്യത്തെ ഏറ്റവും മികച്ച രീതിയിൽ സ്വാധിനിക്കുന്നതാണ്. പ്രാണായാമം, അനുലോം വിലോം തുടങ്ങിയ യോഗ വ്യായാമങ്ങൾ പരിശീലിച്ചുകൊണ്ട് നിങ്ങളുടെ ശ്വാസോച്ഛ്വാസ രീതികളുമായി കൂടുതൽ ബോധപൂർവമായ രീതിയിൽ ഇടപഴകാനാകും. ഈ ശ്വസന വ്യായാമങ്ങളിൽ ഒരാൾ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ശാരീരിക സമ്മർദ്ദത്തെ ഫലപ്രദമായും കൂടുതൽ ബോധപൂർവമായും കൈകാര്യം ചെയ്യാൻ കഴിയുന്നു. പ്രത്യേകിച്ച് ആസ്ത്മ അല്ലെങ്കിൽ മറ്റ് വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർക്ക്, ഇത്തരം ശ്വസന വ്യായാമങ്ങൾ ചെയ്യുന്നത് വഴി അവരുടെ ആരോഗ്യ ശൈലിയിൽ വലിയ വ്യത്യാസമുണ്ടാക്കിയെടുക്കാനാവും.
നല്ല ഉറക്കം നേടിയെടുക്കാൻ
നമ്മുടെ ദൈനംദിന ജീവിതശൈലിയിലേക്ക് കടന്നു വരുന്ന മാറ്റങ്ങളെല്ലാം ഒരാളുടെ ശരീരത്തെയും ജീവിതതാളത്തെയും ഒരുപോലെ ബാധിക്കുന്നുണ്ട്. ദിവസവും കൃത്യമായ ഉറക്കവും വിശ്രമവും ശരീരത്തിന് ലഭിച്ചെങ്കിൽ മാത്രമേ ശരീരത്തെ എപ്പോഴും ആരോഗ്യമുള്ളതാക്കി നിലനിർത്താനാവുകയുള്ളൂ. ഇന്നത്തെ കാലത്ത് ഉറങ്ങാനായി വളരെയധികം ബുദ്ധിമുട്ടുകൾ നേരിടുന്നവരാണ് കൂടുതൽ ആളുകളും. ഉറങ്ങാനായി ഉറക്ക ഗുളികകളെ ആശ്രയിക്കുന്നവരും കുറവല്ല. എന്നാൽ നല്ല യോഗ ശീലം നിങ്ങളുടെ ജീവിതത്തിൻ്റെ ഭാഗമാക്കുന്നത് വഴി ഇത്തരം പ്രശ്നങ്ങളെ നേരിടാനാവും.
ശവാസനം, യോഗ നിദ്ര മുതലായ യോഗാസനങ്ങൾ നിങ്ങളുടെ നാഡീവ്യവസ്ഥയുടെ പ്രവർത്തനങ്ങൾക്ക് ഇളവ് നൽകിക്കൊണ്ട് മികച്ച ഉറക്കം ഉറപ്പ് വരുത്തുന്നതാണ്. ആരോഗ്യകരമായ ഒരു ഉറക്കശീലം അല്ലെങ്കിൽ ഗാഢനിദ്ര നിങ്ങളുടെ ഒരു മുഴുവൻ ദിവസത്തിൻ്റെ മടുപ്പുകളെയും ക്ഷീണത്തെയും പുറത്താക്കി ശരീരത്തിന് പുതിയ ഉണർവ്വ് നൽകും. ഒരു പുതിയ ദിവസം ആരംഭിക്കുന്നതിന് ആവശ്യമായ ഉന്മേഷം പകരുകയും ചെയ്യും.
മാനസികാരോഗ്യത്തിന്
ഒരാൾക്ക് യോഗ നൽകുന്ന ഏറ്റവും പ്രധാനപ്പെട്ടതും എന്നാൽ ഏറ്റവും അവഗണിക്കപ്പെടുന്നതുമായ കാര്യങ്ങളിൽ ഒന്നാണ് ഇത് മാനസികാരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ. ഒരു നല്ല യോഗാശീലം അവലംബിക്കുന്നത് ഒരു വ്യക്തിയിൽ ദൈനംദിന ജീവിതത്തിലെ ചുറ്റുപാടുകളെക്കുറിച്ച് കൂടുതൽ ഉൾക്കാഴ്ച നൽകികൊണ്ട് അവരെ കൂടുതൽ ബോധവാന്മാരാക്കുന്നു. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ തിരഞ്ഞെടുക്കാനും, അവരുടെ ശരീരത്തിന്റെ ആവശ്യകതകളിൽ മതിയായ ശ്രദ്ധ കേന്ദ്രീകരിക്കാനുമെല്ലാം യോഗ ചെയ്യുന്നത് വഴി ഒരാൾക്ക് ബോധപൂർവ്വം സാധിക്കുന്നു.
ദൈനംദിന ജീവിതത്തിൽ ഏകാഗ്രതയും മനസ്സാന്നിധ്യവും വീണ്ടെടുക്കാനും ഇതുവഴി സാധിക്കുന്നു. ഒരു ദിവസത്തിൻ്റെ തുടക്കത്തിലുള്ള യോഗ പരിശീലനം നിങ്ങളുടെ മനസ്സിനെ ചടുലവും ഉണർവുള്ളതുമാക്കി വെക്കുകയും ഇതുവഴി മുഴുവൻ ദിവസത്തിലും കൂടുതൽ ഉൽപാദനക്ഷമതയും ഏകാഗ്രതയും നേടിയെടുക്കാൻ സാധിക്കുകയും ചെയ്യുന്നു. ധ്യാനം യോഗയിലെ അവിഭാജ്യ ഘടകമാണ്. ഒരാളുടെ മാനസികാരോഗ്യ നിലയെ സ്വാധീനിക്കുന്നതിൽ ഇതിനും പ്രധാന പങ്കു വഹിക്കാനാകും.