ദുബായ്: ഐപിഎല്ലില്‍(IPL 2021) ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്(Kolkata Knight Riders)- പഞ്ചാബ് കിംഗ്‌സ്(Punjab Kings) പോരാട്ടം. ദുബായിൽ രാത്രി 7.30ന് മത്സരം തുടങ്ങും. കൊല്‍ക്കത്തയുടെ കഴിഞ്ഞ മത്സരത്തിനിടെ പരിക്കേറ്റ ഓള്‍റൗണ്ടര്‍ ആന്ദ്രേ റസൽ(Andre Russell) കളിക്കുമോയെന്ന് ഉറപ്പില്ല. ജയം ഇരു ടീമിനും അനിവാര്യമാണ്.
യുഎയിലെത്തിയ ശേഷം ഏറ്റവും അധികം മെച്ചപ്പെട്ട ടീം ഏതെന്ന് ചോദിച്ചാൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്ന് കണ്ണടച്ചുപറയാം. നാലിൽ മൂന്ന് കളിയിൽ ആധികാരിക ജയം നേടി. നെറ്റ് റൺറേറ്റിലും സേഫ് സോണിൽ. ചെന്നൈക്കെതിരെ തോറ്റെങ്കിലും പോരാട്ടം അവസാന പന്ത് വരെയത്തിച്ച കെകെആറിനെ ധോണി പോലും പ്രശംസിച്ചു. വെങ്കിടേഷ് അയ്യറുടെ വരവോടെ തുടക്കം ഗംഭീരമായി. സ്‌പിന്നര്‍മാര്‍ കളി നിയന്ത്രിക്കുമ്പോഴും ഇന്ത്യന്‍ പേസര്‍മാരുടെ കാര്യത്തിൽ അത്രവിശ്വാസം പോരാ. കൊൽക്കത്തയ്‌ക്ക് ഏറ്റവും വലിയ ആശങ്ക നായകന്‍ ഓയിന്‍ മോര്‍ഗന്‍റെ ഫോമിനെക്കുറിച്ചാണ്. 11 കളിയിൽ 107 റൺസ് മാത്രമാണ് മോർഗന്റെ അക്കൗണ്ടിൽ.
അവസാന പ്ലേ ഓഫ് ബര്‍ത്തിനായുള്ള മത്സരത്തില്‍ കൊൽക്കത്തയ്‌ക്ക് മുംബൈയെ പോലെ വെല്ലുവിളിയുയര്‍ത്തുന്ന ടീമാണ് പഞ്ചാബ് കിംഗ്സ്. 11 കളിയിൽ കെകെആറിന് 10 ഉം പഞ്ചാബിന് എട്ടും പോയിന്‍റുണ്ട്. കെ എൽ രാഹുലിനും മായങ്ക് അഗര്‍വാളിനും അപ്പുറത്തേക്ക് ബാറ്റിംഗ് നിരയ്ക്ക് ആഴമില്ലെന്നത് പഞ്ചാബിന്‍റെ ദൗര്‍ബല്യമാണ്. സ്‌പിന്നര്‍ ബിഷ്‌ണോയിയുടെ വരവോടെ ബൗളിംഗ് മെച്ചപ്പെട്ടു.
എന്തായാലും അവസാന മൂന്ന് കളിയിൽ ഒന്നിൽ മാത്രം ജയിച്ച പഞ്ചാബിനെക്കാള്‍ ആത്മവിശ്വാസം ഉണ്ടാകും ഇന്നിറങ്ങുമ്പോള്‍ കൊൽക്കത്തയ്‌ക്ക് എന്നുറപ്പ്.