കൊച്ചി: ചരക്ക് സേവന നികുതി (GST) നടപ്പാക്കിയതോടെ നികുതികാര്യങ്ങളിൽ സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശം നഷ്ടപ്പെട്ടതായി ദക്ഷിണേന്ത്യയിലെ ധനമന്ത്രിമാർ. നിലവിലെ ജി.എസ്.ടി നഷ്ടപരിഹാര രീതി അപ്രതീക്ഷിത വെല്ലുവിളികൾ നേരിടാൻ പര്യാപ്തമല്ലെന്ന് കോവിഡ് പ്രതിസന്ധി തെളിയിച്ചെന്നും അവർ പറഞ്ഞു.
ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (FICCI) സംഘടിപ്പിച്ച ദക്ഷിണേന്ത്യൻ ധനമന്ത്രിമാരുടെ ജി.എസ്.ടി കോൺക്ലേവിലാണ് (GST conclave )വിമർശനം. കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ ജി.എസ്.ടി ഗുരുതരമായി ബാധിച്ചെന്നും 14-16 ശതമാനം നികുതി വരുമാന വളർച്ചയുണ്ടായിരുന്നത് ജി.എസ്.ടി നടപ്പാക്കിയതിന്റെ ആദ്യ രണ്ട് വർഷം സ്തംഭിച്ചെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
സംസ്ഥാനങ്ങളുടെ സ്വയംഭരണാധികാരം ഇല്ലാതാകുമെന്ന തമിഴ്നാടിന്റെ ആശങ്ക യാഥാർഥ്യമായെന്ന് തെളിഞ്ഞതായി തമിഴ്നാട് ധനമന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ പറഞ്ഞു.