മലയാളത്തിലെ ആദ്യ ഹൈബ്രിഡ് റിലീസിന് ഒരുങ്ങുകയാണ് പൃഥ്വിരാജ് നായകനാവുന്ന ‘ഭ്രമം’ . തിയറ്ററുകളിലും ഒടിടിയിലും ഒരേ ദിവസം സിനിമ റിലീസ് ചെയ്യുന്നതിനാണ് ഹൈബ്രിഡ് റിലീസ് (Hybrid release )എന്നു പറയുന്നത്. പൃഥ്വിരാജിനെ നായകനാക്കി രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യയില്‍ ഡയറക്റ്റ് ഒടിടി റിലീസും വിദേശ രാജ്യങ്ങളില്‍ തിയറ്റര്‍ റിലീസുമാണ്. ജിസിസി(Gulf Cooperation Council) രാജ്യങ്ങളിലുള്‍പ്പെടെ ചിത്രത്തിന്‍റെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ഇന്ന് ആരംഭിച്ചു. ഇന്ത്യയില്‍ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒക്ടോബര്‍ 7നാണ് റിലീസ്.
ശ്രീറാം രാഘവന്‍റെ സംവിധാനത്തില്‍ 2018ല്‍ പ്രദര്‍ശനത്തിനെത്തിയ ബോളിവുഡ് ബ്ലാക്ക് കോമഡി ത്രില്ലര്‍ ‘അന്ധാധുനി’ന്‍റെ റീമേക്ക് ആണ് ഭ്രമം. വയാകോം 18 സ്റ്റുഡിയോസ്, എപി ഇന്‍റര്‍നാഷണല്‍ എന്നീ ബാനറുകള്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ്, റാഷി ഖന്ന, ശങ്കര്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്.
ഹോളിവുഡ്(Hollywood ) സിനിമകള്‍ നേരത്തേ പരീക്ഷിച്ചിട്ടുള്ള രീതിയാണ് ഹൈബ്രിഡ് റിലീസ്. കൊവിഡ് കാലത്ത് ചില ബോളിവുഡ് (Bollywood )ചിത്രങ്ങളും ഇത്തരം രീതിയില്‍ റിലീസ് ചെയ്യപ്പെട്ടിരുന്നു. സല്‍മാന്‍ ഖാന്‍ നായകനായ ‘രാധെ’യാണ് ഈ രീതിയില്‍ അവസാനം പ്രേക്ഷകരിലേക്കെത്തിയ ഹിന്ദി ചിത്രം. അതേസമയം പൃഥ്വിരാജിന്‍റെ മൂന്നാമത്തെ ഡയറക്റ്റ് ഒടിടി റിലീസ് കൂടിയാണ് ഭ്രമം. കോള്‍ഡ് കേസ്, കുരുതി എന്നിവയായിരുന്നു ആദ്യ രണ്ട് ചിത്രങ്ങള്‍. അവയും ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് എത്തിയത്.