ന്യൂഡല്‍ഹി: പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി നവ്ജ്യോത് സിങ് സിദ്ദു തല്ക്കാലം പിൻവലിച്ചേക്കുമെന്ന് സൂചന. മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നിയുമായി സിദ്ദു നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പിസിസി അധ്യക്ഷസ്ഥാനത്ത് നിന്നുള്ള രാജി സിദ്ദു പിന്‍വലിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്.
രാജിക്ക് കാരണമായ പ്രശ്നങ്ങള്‍ ഇന്നത്തെ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. അടുത്ത തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭായോഗം സിദ്ദുവിന്റെ ആവശ്യങ്ങള്‍ ചര്‍ച്ചചെയ്യുമെന്ന് ചന്നി ഉറപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്. സിദ്ദു ഉന്നയിച്ച വിഷയങ്ങളില്‍ പരിഹാരമുണ്ടാക്കുന്നതിന് പ്രത്യേക സമിതി രൂപവത്കരിക്കും. സമിതിയില്‍ ചന്നിയും സിദ്ദുവും ഉണ്ടാകും. എന്നാല്‍ എല്ലാ സുപ്രധാന തീരുമാനങ്ങളും എടുക്കുക കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെയായിരിക്കുമെന്നും ഇന്നത്തെ കൂടിക്കാഴ്ചയില്‍ തീരുമാനമായി.
പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന അമരീന്ദർ സിങ്ങിനെ മാറ്റുന്നതിൽ പരസ്യമായി രംഗത്തിറങ്ങിയ സിദ്ദു പക്ഷേ , കാര്യങ്ങൾ തന്റെ കയ്യിൽ നിന്ന് മാറുകയാണെന്ന് മനസിലായതോടെയാണ് രാജി വച്ചത്. പഞ്ചാബിൽ പുതുതായി ചുമതലയേറ്റ ചന്നി സർക്കാരിൽ തന്റെ അനുയായികളായ എംഎൽഎമാരെ ഉൾപ്പെടുത്താതിരുന്നതിൽ സിദ്ദുവിന് കടുത്ത അമർഷമുണ്ടായത്. മന്ത്രിസഭാ രൂപീകരണ ചർച്ചകളിൽ സിദ്ദുവിനെ എഐസിസി നേതൃത്വം പൂർണമായും മാറ്റി നിർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സിദ്ദു പിസിസി അധ്യക്ഷസ്ഥാനം രാജിവച്ചത്.
സിദ്ദുവിനെ അനുനയിപ്പിപ്പാക്കാന്‍ സംസ്ഥാന കോണ്‍ഗ്രസിലും ശ്രമങ്ങള്‍ നടന്നിരുന്നു. രാജി ഹൈക്കമാന്‍ഡ് അംഗീകരിച്ചില്ല. സംസ്ഥാനത്തെ ഏതാനും കോണ്‍ഗ്രസ് എംഎല്‍എമാര്‍ സിദ്ദുവിനോട് രാജി പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അതിനിടെ കോൺഗ്രസ് വിടുമെന്ന് പ്രഖ്യാപിച്ച ക്യാപ്റ്റൻ അമരീന്ദർ സിംഗ് ബിജെപിയിൽ ചേരില്ലെന്നും വ്യക്തമാക്കി. ഇന്നലെ അമിത് ഷായെ കണ്ട ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഇന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെയും കണ്ടെങ്കിലും ബിജെപിയിൽ ചേരില്ല, എന്നാൽ കോൺഗ്രസ് വിടുന്നുവെന്നാണ് അമരീന്ദറിന്റെ പ്രസ്താവന.