കൊച്ചി: കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (Kochi Metro Rail Corporation) എംഡി ലോക്‌നാഥ് ബെഹ്‌റ(Loknath Behra ) അവധിയിലാണെന്ന വാര്‍ത്തകള്‍ തള്ളി കെഎംആര്‍എല്‍. ബെഹ്‌റ ഓഫീസില്‍ ഉണ്ടെന്നും അദ്ദേഹം അവധിയില്‍ പ്രവേശിച്ചിട്ടില്ലെന്നും കെഎംആര്‍എല്‍ വ്യക്തമാക്കി.
അതേസമയം ഒക്ടോബര്‍ ഒന്നു മുതല്‍ നാലുവരെ കട്ടക്കില്‍ നടക്കുന്ന ഒഡിഷ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന്റെ അഭിമുഖ പാനലിലേക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും അതിന് പോവുകയാണെന്നും കെഎംആര്‍എല്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
മൂന്ന് ദിവസമായി ബെഹ്റ ഓഫീസിലെത്തുന്നില്ല എന്നും, അദ്ദേഹം അവധിയിലാണ് എന്നും ചർച്ചകൾ ഉയർന്നിരുന്നു. വിവാദത്തിലായ പശ്ചാത്തലത്തിൽ മോൻസൺ മാവുങ്കൽ കേസ് അന്വേഷണം പൂർത്തിയാകുന്നത് വരെയെങ്കിലും ബെഹ്റയെ മാറ്റിനിർത്തണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് അദ്ദേഹം ഓഫീസിലെത്തുന്നില്ലെന്ന വിവരം പുറത്തുവന്നത്.
മോൻസൺ മാവുങ്കലിന്റെ പുരാവസ്തുശേഖരത്തിനടുത്ത് ലോക്‌നാഥ് ബെഹ്രയും മനോജ് എബ്രഹാമും നിൽക്കുന്ന ചിത്രം പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെ ലോക്നാഥ് ബെഹ്റ മൂന്ന് ദിവസമായി അവധിയിലാണെന്ന് വാര്‍ത്തകള് പുറത്ത് വന്നിരുന്നു.