തിരുവനന്തപുരം : കേരളത്തിലെ ലക്ഷക്കണക്കിന് യുവതികളുടെ സാമൂഹിക-സാംസ്‌കാരിക-ഉപജീവന ഉന്നമനത്തിനായുള്ള പൊതുവിടമായി കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ യുവതികള്‍ക്കായുള്ള ഓക്‌സിലറി ഗ്രൂപ്പുകള്‍ ഒക്‌ടോബര്‍ രണ്ടിന് സംസ്ഥാനവ്യാപകമായി ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ (M. V. Govindan Master) പ്രസ്താവനയില്‍ പറഞ്ഞു.
നാല്‍പ്പത്തിയഞ്ച് ലക്ഷത്തിലേറെ അംഗങ്ങളുള്ള കുടുംബശ്രീ, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിരവധി പദ്ധതികളും പരിപാടികളും നടപ്പിലാക്കുന്ന ഒരു പ്രധാന നിര്‍വ്വഹണ ഏജന്‍സികൂടിയാണ്. ആകെയുള്ള കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളില്‍ 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ 10 ശതമാനം മാത്രമാണ്. ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ക്ക് മാത്രമേ അയല്‍ക്കൂട്ടത്തില്‍ അംഗത്വം ലഭിക്കുകയുള്ളു എന്നതടക്കമുള്ള പരിമിതികള്‍ ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ക്കൊണ്ടാണിത്. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് കുടുംബശ്രീ നേതൃത്വത്തില്‍ യുവതികള്‍ക്കായുളള ഓക്‌സിലറി ഗ്രൂപ്പുകള്‍ രൂപീകരിക്കാന്‍ തീരൂമാനിച്ചിട്ടുള്ളതെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
സ്ത്രീധനം, ഗാര്‍ഹിക പീഢനങ്ങള്‍ തുടങ്ങി സ്ത്രീകള്‍ അനുഭവിക്കുന്ന സാമൂഹ്യവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുതിനും പരിഹാരം കണ്ടെത്തുന്നതിനുമുള്ള ഒരു വേദിയായും കക്ഷിരാഷ്ട്രീയ ജാതിമതവര്‍ഗ്ഗ ഭേദമന്യേ ഒരുമിച്ച് കൂടുന്നതിനും നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നതിനും ഓക്‌സിലറി ഗ്രൂപ്പുകള്‍ ഉതകും. നാടിന്റെ വികസന പ്രവര്‍ത്തനങ്ങളിലും പൊതു വിഷയങ്ങളിലും സ്ത്രീകള്‍ക്ക് ഇടപെടാനും പ്രതികരിക്കാനുമുള്ള ആത്മവിശ്വാസം വളര്‍ത്താനുമുള്ള ഇടമാക്കി ഗ്രൂപ്പുകളെ ശാക്തീകരിക്കും. സംസ്ഥാനത്ത് ഏകദേശം 20,000 ത്തോളം ഗ്രൂപ്പുകളാണ് രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.