തിരുവനന്തപുരം : പഞ്ചായത്തുകളില്‍ വ്യവസായ, വ്യാപാര സംരംഭം ആരംഭിച്ച വ്യക്തിയുടെ പേരിലുള്ള ലൈസന്‍സ് ഒരു വര്‍ഷത്തിനുള്ളില്‍ മറ്റൊരാളുടെ പേരിലേക്ക് മാറ്റുന്നതിന് ഉണ്ടായിരുന്ന സാങ്കേതിക തടസ്സങ്ങള്‍ മാറ്റി ഉത്തരവിടാന്‍ നിര്‍ദേശിച്ചതായി തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍(M. V. Govindan Master) പറഞ്ഞു.
ലൈസന്‍സ് എന്താവശ്യത്തിനാണോ എടുത്തിരിക്കുന്നത് അതില്‍ മാറ്റം വരുത്താതെയായിരിക്കണം കൈമാറ്റം. പുതിയ ഉടമസ്ഥന്‍ കെട്ടിടത്തിന്റെ ഉടമസ്ഥനല്ലെങ്കില്‍ ഉടമയുടെ സമ്മതപത്രം ഉണ്ടെന്ന് ഉറപ്പുവരുത്തി വേണം ലൈസന്‍സ് കാലാവധിക്കുള്ളില്‍ മാറ്റം അനുവദിക്കേണ്ടത്.
കേരള മുനിസിപ്പാലിറ്റിയുടെ ഫാക്ടറികളും വ്യാപാരങ്ങളും സംരംഭ പ്രവര്‍ത്തനങ്ങളും മറ്റ് സേവനങ്ങളും ലൈസന്‍സ് നല്‍കല്‍ ചട്ടത്തില്‍ എട്ടാമത് ചട്ടം വ്യവസ്ഥ ചെയ്തിരിക്കുന്നത് പോലെയാണ് പഞ്ചായത്ത് രാജ് ചട്ടത്തിലും മാറ്റം വരുത്തി വ്യവസ്ഥ ചെയ്തിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ഇതോടെ വ്യവസായമോ, വ്യാപാരമോ കൈമാറ്റം ലഭിച്ച് കിട്ടുന്ന വ്യക്തി എല്ലാ ലൈസന്‍സുകളും വീണ്ടും എടുക്കേണ്ട സ്ഥിതിക്ക് മാറ്റമുണ്ടാവുകയാണെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടി ചേര്‍ത്തു.