വയനാട്: മുട്ടിൽ മരകൊള്ളകേസിലെ പ്രതികൾക്ക് ജാമ്യം. ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ,ജോസുകുട്ടി അഗസ്റ്റിൻ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.പ്രതികൾ അറസ്റ്റിലായി 60 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്ത പശ്ചാത്തലത്തിൽ ആണ് ജാമ്യം അനുവദിച്ചത് .സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മാജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.മുട്ടിൽ മരം മുറി കേസിൽ 43 കേസുകളാണ് മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം കെ സമീറിന്റെ നേതൃത്വത്തിൽ രജിസ്റ്റർ ചെയ്തത്.ഇതിൽ 36 കേസുകളിലും പ്രധാന പ്രതികൾ മുട്ടിൽ അഗസ്റ്റിൻ സഹോദങ്ങൾ ആണ്.
നിലവിൽ മീനങ്ങാടി (Meenangadi) പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. വനം വകുപ്പിന്‍റെ (Forest Department) കേസിൽ കൂടി ജാമ്യം ലഭിച്ചാൽ പ്രതികൾക്ക് പുറത്തിറങ്ങാം. നേരത്തെ ഹൈക്കോടതി പ്രതികളുടെ ജാമ്യ ഹർജികൾ തള്ളിയിരുന്നു. റിമാൻഡ് കാലാവധി 60 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ഇവർക്ക് ജാമ്യം ലഭിച്ചത്. വെട്ടിയ ഈട്ടി തടികളെല്ലാം കണ്ടുകെട്ടിയ സാഹചര്യത്തിൽ നഷ്ടം ഉണ്ടായിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതികൾ വാദിച്ചത്. മരംമുറിയുമായി ബന്ധപ്പെട്ട് വനംവകുപ്പ് രജിസ്റ്റർ ചെയത കേസിലെ അന്വേഷണം ഇതിനകം പൂർത്തിയായിട്ടുണ്ട്. ഈ കേസിൽ ഉടൻ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുകയാണ് വനം വകുപ്പ്.