ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെയും സമീപസംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന ഹൈവേകളില്‍ കര്‍ഷക സമരത്തെ(Farmers Protest) തുടര്‍ന്ന് തുടര്‍ച്ചയായി ഗതാഗതം സ്തംഭിക്കുന്നതില്‍ പ്രതികരണവുമായി സുപ്രീം കോടതി. റോഡുകള്‍ എക്കാലവും അടച്ചിടാനാകില്ലെന്ന് കോടതി പറഞ്ഞു. സമരം ചെയ്യുന്ന കര്‍ഷകരെ കക്ഷി ചേര്‍ക്കണമെങ്കില്‍ പ്രത്യേക അപേക്ഷ നല്‍കാനും കോടതി നിര്‍ദേശം നല്‍കി. കര്‍ഷകസമരം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി നോയിഡ സ്വദേശി മോണിക്ക അഗര്‍വാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
കോടതിവഴിയോ പ്രതിഷേധത്തിലൂടെയോ പാര്‍ലമെന്റിലെ ചര്‍ച്ചകളിലൂടെയോ പരിഹാരം കണ്ടെത്താം. എന്നാല്‍ എങ്ങനെയാണ് ഹൈവേകളില്‍ ഗതാഗതം തടസ്സപ്പെടുത്താനാവുകയെന്നും ഇത് അനന്തമായി തുടരുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത് എവിടെ അവസാനിക്കുമെന്നും കോടതി ആരാഞ്ഞു. ജസ്റ്റിസുമാരായ എസ്.കെ. കൗള്‍ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
റോഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കാന്‍ സര്‍ക്കാര്‍ എന്താണ് ചെയ്തതെന്ന് ബെഞ്ചിലെ അംഗം ജസ്റ്റിസ് എം.എം. സുന്ദ്‌രേഷ് ചോദിച്ചു. നാം ഒരു നിയമം കൊണ്ടുവന്നു. ഇനി അത് നടപ്പിലാക്കണ്ടത് എങ്ങനെ എന്നുള്ളത് നിങ്ങളുടെ കാര്യമാണ്. അത് നടപ്പാക്കാന്‍ കോടതിക്ക് ഒരുവഴിയുമില്ല. എക്‌സിക്യൂട്ടീവിന്റെ ചുമതലയാണ് അത് നടപ്പാക്കുക എന്നുള്ളത്- ജസ്റ്റിസ് കൗള്‍ കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ കോടതി എന്തെങ്കിലും നിര്‍ദേശം പുറപ്പെടുവിച്ചാല്‍, എക്‌സിക്യൂട്ടീവിന്റെ അധികാരപരിധിയില്‍ ജുഡീഷ്യറി കടന്നുകയറിയെന്ന ആരോപണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷക പ്രക്ഷോഭം മൂലമുണ്ടായ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ രേഖാമൂലം സമര്‍പ്പിക്കണം. ഗതാഗതക്കുരുക്ക് ഉണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് സര്‍ക്കാരെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു. അതേസമയം കാര്‍ഷിക നിയമങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഉന്നതാധികാര സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.