ന്യൂഡല്‍ഹി: കോണ്‍ഗ്രസ്(Congress) വിടുമെന്ന് ആവർത്തിച്ച് മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്(Amarinder Singh) . ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കോണ്‍ഗ്രസ് വിടുമെന്ന നിലപാട് അമരീന്ദര്‍ ആവർത്തിച്ചത്. അതേസമയം, ബിജെപിയിൽ(BJP) ചേരില്ലെന്നും അമരീന്ദര്‍ വ്യക്തമാക്കി.
ഇതുവരേയും ഞാൻ കോണ്‍ഗ്രസിലായിരുന്നു. പക്ഷേ ഇനി ഞാൻ കോണ്‍ഗ്രസിലുണ്ടാവില്ല. മര്യാദക്കെട്ട രീതിയിലാണ് പാർട്ടിയിൽ എന്നെ പരിഗണിക്കുന്നത് എന്ന് അമരീന്ദർ സിംഗ് പറഞ്ഞു. പഞ്ചാബില്‍ കോണ്‍ഗ്രസിന് വെല്ലുവിളി ഉയര്‍ത്തുന്ന വിധത്തില്‍ അമരീന്ദര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള(Amit Shah) നിർണ്ണായക ചർച്ചയിൽ കർഷകരുടെ വിഷയങ്ങളും അജിത് ഡോവലുമായി(Ajit Doval) അതിർത്തി സംസ്ഥാനമായ പഞ്ചാബിലെ സുരക്ഷാ പ്രശ്നങ്ങളും അമരീന്ദര്‍ ചർച്ചചെയ്യ്തിരുന്നു. അതേസമയം, അമരീന്ദറിനെ കണ്ടതിന് പിന്നാലെ അജിത് ഡോവല്‍ അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ശേഷം എഐസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച അമരീന്ദർസിംഗിനെ അനുനയിപ്പിക്കാനുള്ള ഒരു വശത്ത് ഹൈക്കമാൻഡ് ഇപ്പോഴും തുടരുകയാണ്. മുതിർന്ന നേതാക്കളായ അംബികാ സോണിയും കമൽനാഥും അമരീന്ദറിനെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. അദ്ദേഹം പാർട്ടി വിട്ട് പോകുന്നത് തടയാനുള്ള ശ്രമത്തിലാണ് നേതൃത്വം. അമരീന്ദറിനെ നേരിൽ കാണാൻ നേതാക്കൾ ശ്രമിക്കുന്നുണ്ടെങ്കിലും ആരുമായും അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് തയ്യാറായിട്ടില്ല.
സംസ്ഥാന തെരഞ്ഞെടുപ്പിന് നാല് മാസങ്ങൾ മാത്രം അവശേഷിക്കേ എന്തായിരുന്നു അമീരന്ദറിൻ്റെ അടുത്ത നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. കർഷകബില്ലിൽ ചില വിട്ടുവീഴ്ചകൾ ചെയ്ത് സമരം തീർപ്പാക്കാൻ അമരീന്ദറിലൂടെ കേന്ദ്രസർക്കാർ ശ്രമിച്ചേക്കുമെന്ന സൂചനകൾ ശക്തമാണ്.
















